ആണവദുരന്തങ്ങൾ പ്രകൃതിയിലും ചുറ്റുമുള്ള ജീവജാലങ്ങളിലുമൊക്കെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട്. ഫുക്കുഷിമയിലെ ജൈവവ്യവസ്ഥയിൽ ആണവ മലിനീകരണം സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് അനേകം പഠനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഫുക്കുഷിമയ്ക്കും മുൻപ് നടന്ന വലിയ ആണവദുരന്തമായിരുന്നു ചേർണോബിൽ. യുക്രെയ്നിലെ ചേർണോബിൽ മേഖലയിൽ ഇന്ന് മനുഷ്യവാസമധികമില്ല. ഇത് മറ്റു ജന്തുജാലങ്ങൾ പെരുകാൻ കാരണമായി. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തതയുള്ള ഒരു ജീവിവർഗമാണ് കറുത്ത നിറമുള്ള മരത്തവളകൾ.
യൂറോപ്യൻ ട്രീഫ്രോഗ്സ് വിഭാഗത്തിൽപ്പെട്ട മരത്തവളകളാണ് ഇവ. യൂറോപ്പിലെവിടെയും നല്ല പച്ചനിറത്തിലാണ് ഇവ കാണപ്പെടുക. എന്നാൽ ചേർണോബിലിലെ ആണവമലിനീകരണം കാരണമുണ്ടായ ജനിതക വ്യതിയാനങ്ങളാണ് ഇവയ്ക്ക് കറുത്ത നിറത്തിന് വഴിവച്ചതെന്ന് ഗവേഷകർ പറയുന്നു. ഇവ ആണവ മാലിന്യമുയർത്തുന്ന വിഷത്തോട് പ്രതിരോധവും പുലർത്തുന്നുണ്ട്.1986 ഏപ്രിൽ 25നു സംഭവിച്ച ചേർണോബിൽ ദുരന്തം ലോകത്തിലെ ഏറ്റവും തീവ്രമായ 2 ആണവ അപകടങ്ങളിൽ ഒന്നാണ്. ജപ്പാനിലെ ഫുക്കുഷിമ ദുരന്തമാണ് മറ്റേത്. യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴാണ് ചേർണോബിലിലെ റിയാക്ടർ 4 പൊട്ടിത്തെറിച്ചത്. റിയാക്ടറിന്റെ രൂപകൽപനയിലെ അപര്യാപ്തതയും ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ വൈദഗ്ധ്യക്കുറവുമാണ് ദുരന്തത്തിനു വഴിവച്ചത്.
ചേർണോബിൽ ദുരന്തം കാരണം നേരിട്ടുമരിച്ചവരുടെ എണ്ണം നൂറിൽത്താഴെയായാണു കണക്കാക്കുന്നതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങൾ മൂലം 4000 മുതൽ 16000 വരെയാളുകൾ കൊല്ലപ്പെട്ടെന്നു പറയപ്പെടുന്നു. 6800 കോടി യുഎസ് ഡോളറിന്റെ നഷ്ടവും ഇതു മൂലമുണ്ടായി. ആഴ്ചകളോളം റിയാക്ടറിൽ അഗ്നിബാധയുമുണ്ടായി. ഇവിടുന്ന പുറത്തു വന്ന റേഡിയോ ആക്ടീവ് പദാർഥങ്ങളുടെ അളവ് ഹിരോഷിമയിലെ ന്യൂക്ലിയർ ബോംബ് മൂലമുണ്ടായതിന്റെ 400 ഇരട്ടിയാണെന്നു കണക്കാക്കപ്പെടുന്നു.
പ്രദേശത്തിനടുത്ത് ഒരു വനം റെഡ് ഫോറസ്റ്റ് എന്ന പേരിലാണു പിന്നീടറിയപ്പെട്ടത്. ആണവവികിരണത്തിന്റെ പരിണതഫലമായി വനത്തിലെ പൈൻ മരങ്ങൾ ചുവന്ന നിറത്തിലായതാണ് ഈ പേരിനു വഴി വച്ചത്. പിന്നീട് റിയാക്ടറുകൾ അടച്ചുപൂട്ടി സുരക്ഷിതമാക്കപ്പെട്ടു.
STORY HIGHLLIGHTS :chernobyl-black-frogs-genetic-mutation