കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. പശുവിനെ തിരഞ്ഞ് ഇന്നലെയാണ് മൂന്ന് പേരും കാട്ടിലേക്ക് പോയത്.
കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചികുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കായി രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.
ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വൈകിട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ് റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്.