Kerala

കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകൾ സുരക്ഷിതർ: 14 മണിക്കൂര്‍ നീണ്ട 3 തിരച്ചിലിനൊടുവില്‍ പേരെയും കണ്ടെത്തി

കൊച്ചി∙ കോതമംഗലം കുട്ടമ്പുഴയിൽ പശുക്കളെ തിരഞ്ഞു വനത്തിനുള്ളിൽ പോയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല. ഉൾക്കാടായതിനാൽ വാഹനം കൊണ്ടുപോകാനാവില്ല. വനത്തിൽ നിന്നും സ്ത്രീകളുമായി തിരിച്ച രക്ഷാസംഘം ഒരു മണിക്കൂറിനുള്ളിൽ നാട്ടിലെത്തും.

ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ കാണാതായത്. കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായിരുന്നു. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവർക്കായി ഇന്നലെ രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.