കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ പുറത്തെത്തിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്. കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ‘ആന ചുറ്റും ഉണ്ടായിരുന്നു. വഴി അറിയാരുന്നു. ആനയെ കണ്ടപ്പോൾ വഴി മാറി പോയതാണ്. രാത്രി മുഴുവൻ പാറക്കെട്ടിന് മുകളിലായിരുന്നു. പശു തിരിച്ചെത്തിയ വിവരം അറിഞ്ഞിരുന്നു. ഇങ്ങോട്ട് വരുമ്പോൾ തിരച്ചിൽ സംഘത്തെ കണ്ടു’ വനത്തിൽ കുടുങ്ങിയ സംഘത്തിൽ മായ പറഞ്ഞു. ‘വഴി തെറ്റാതെ പകുതി വരെ വന്നു. ആനയെ മുൻപിൽ കണ്ടതോടെ പിന്നോട്ട് പോയി. അതോടെ വഴി തെറ്റിപ്പോയി. കാട് നല്ല പരിചയമുള്ളയാളാണ്. രാത്രി ഉറങ്ങിയിട്ടില്ല. എഴുന്നേറ്റിരുന്നു പ്രാർത്ഥിക്കുവാരുന്നു. വലിയ പാറക്കെട്ടിന് മുകളിലായിരുന്നു ഇരുന്നത്. അടുത്തിരിക്കുന്ന ആളെ പോലും മനസിലാകാത്ത കൂരുരിട്ടായിരുന്നു. ചുറ്റും ആനയുണ്ടായിരുന്നെങ്കിലും ആക്രമിച്ചില്ല’ പാറുക്കുട്ടി പറയുന്നു.
ആന ഉണ്ടായിരുന്ന ഭയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഡാർലി പറഞ്ഞു. മൂന്നു പേരും ഒരുമിച്ചാണുണ്ടായിരുന്നതെന്ന് ഡാർലി പറഞ്ഞു. ഭക്ഷണവും വെള്ളവും ഉണ്ടായില്ല. തിരഞ്ഞ് ആളുകൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വെട്ടം വന്നാൽ പുറത്തേക്ക് വരാനാണ് തീരുമാനിച്ചിരുന്നതെന്ന് മായ പറഞ്ഞു.