Tech

എന്താണ് ബ്ലാക്ക് ഫ്രൈഡേ സെയിൽ ?; ഈ മികച്ച ഓഫറുകൾ മിസ്സാക്കല്ലേ…| what-is-black-friday

90% ഡിസ്‌കൗണ്ടിന് പുറമെ, 'ബയ്‌ നൗ, പേ ലെയ്റ്റർ' ഓഫറുകളുമുണ്ട്

ആഗോള ബ്ലാക്ക് ഫ്രൈഡേ ക്യാംപയിനിന്‍റെ ഭാഗമായി ഷോപ്പിങ്ങിന് 90% വരെ കിഴിവ് നൽകുന്ന ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ ഇന്നാണ് നടക്കുന്നത്. അവിശ്വസനീയ ഡീലുകൾ എന്നതാണ് ബ്ലാക്ക് ഫ്രൈഡേയുടെ സവിശേഷത. ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലും ആകർഷകമായ ഓഫറുകൾ ലഭിക്കും. 90% ഡിസ്‌കൗണ്ടിന് പുറമെ, ‘ബയ്‌ നൗ, പേ ലെയ്റ്റർ’ ഓഫറുകളുമുണ്ട്. ടെക് ഗാഡ്‌ജെറ്റുകൾ, സുഗന്ധ ദ്രവ്യങ്ങൾ, സൗന്ദര്യ വർധക ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയടക്കമാണ് വിലക്കുറവിൽ ലഭ്യമാവുന്നത്.

വിവിധ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ യെല്ലോ, വൈറ്റ്, ബ്ലൂ/റെഡ് ഫ്രൈഡേ എന്നീ സ്പെഷാലിറ്റികളാണ് ബ്ലാക്ക് ഫ്രൈഡേ കാംപയിനിൽ പെടുന്നത്. യുഎഇയിലെ ആമസോൺ ആഗോള ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് ഇവന്‍റ് ‘വൈറ്റ് ഫ്രൈഡേ’ ആയി ആഘോഷിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ കാര്യമായ കിഴിവുകൾ നൽകുന്ന ആമസോൺ യു.എ.ഇയുടെ വൈറ്റ് ഫ്രൈഡേ സെയിൽ മേഖലയിലെ ഏറ്റവും വലിയ വാർഷിക വിൽപന സംരംഭമാണ്. ഇലക്ട്രോണിക്‌സ്, ഫാഷൻ, ഗ്രോസറി എന്നിവയിലും മറ്റും 70 ശതമാനം വരെയാണ് കിഴിവ്.

നൂണിന്‍റെ യെല്ലോ ഫ്രൈഡേ സെയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വാർഷിക ഷോപ്പിംഗ് അവസരങ്ങളിൽ. യു.എ.ഇ, സഊദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ഷോപർമാർക്ക് സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രോണിക്‌സ്, ഗ്രോസറി തുടങ്ങിയ ഇനങ്ങളിൽ 80 ശതമാനം വരെ യെല്ലോ ഫ്രൈഡേ കിഴിവ് നൽകുന്നു. ഉപയോക്താക്കൾക്ക് ടാബി, ടമാറ പോലുള്ള സൗകര്യങ്ങളിൽ ‘ബയ് നൗ, പേ ലെയ്റ്റർ’ പോലുള്ള സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാം.

ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവയുടെ എക്‌സ്‌ക്ലൂസീവ് ബ്ലാക്ക് ഫ്രൈഡേ ഡീലുകളുമായി ഷറഫ് ഡിജിയുടെ ഡിജി ഫ്രൈഡേ സെയിൽ തിരിച്ചെത്തുന്നു. ഓഫറുകളിൽ 256 ജിബിയുള്ള ആപ്പ്‌ൾ ഐഫോൺ 15 പ്രൊ മാക്സ് (5,099ൽ നിന്ന് 4,399 ദിർഹമായി കുറച്ചത്) ഉണ്ട്. കൂടാതെ സ്ട്രോബെറി ബ്രോൺസ്/ബ്ലഷ് പിങ്ക് നിറത്തിലുള്ള ഡൈസൺ എയർ റാപ്പ് മൾട്ടി-സ്റ്റൈലർ ഡ്രയറും (2,300ൽ നിന്ന് 2,070 ദിർഹമായി കുറച്ചത്) ഉൾപ്പെടുന്നു.

സൺ ആൻഡ് സാൻഡ് സ്‌പോർട്‌സിന്‍റെ സൂപ്പർ സ്‌പോർട്‌സ് നവംബറിന്‍റെ ഭാഗമായ ബ്ലാക്ക് ഫ്രൈഡേ സെയിൽസിൽ ഷൂസ്, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ കാര്യമായ കിഴിവുകൾ കാർ ഫോർ യു.എ.ഇ നൽകുന്നുണ്ട്.

ഇക്കാലയളവിൽ ഷോപർമാർക്ക് തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് ആസ്വദിക്കാം. സ്റ്റോറിലും ഓൺലൈനിലും വിൽപന ലഭ്യമാണ്. നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഓൺലൈൻ ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയും ലഭിക്കും.

എന്തുകൊണ്ടാണ് ഈ ദിവസത്തെ ബ്ലാക്ക് ഫ്രൈഡേ എന്ന് വിളിക്കുന്നതെന്ന് അറിയാമോ ? അമേരിക്കൻ ഐക്യനാടുകളിലാണ് ബ്ലാക്ക് ഫ്രൈഡേ എന്ന രീതി ആരംഭിച്ചത്. ക്രിസ്മസ് ഷോപ്പിങ് സീസണിന് തുടക്കം കുറിയ്ക്കുന്ന ദിവസമായിട്ടാണ് ബ്ലാക്ക് ഫ്രൈഡേയെ കരുതുന്നത്.

നവംബറിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഫെസ്റ്റിവൽ സീസണ് മുമ്പായി നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പറയാം. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകൾ കൊണ്ടുവരുന്നതിന് മുമ്പായി നിലവിലെ സ്റ്റോക്കുകൾ വിൽക്കുന്നതിനായി ആരംഭിച്ച വിൽപ്പന പിന്നീട് ബ്ലാക്ക് ഫ്രൈഡേ എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ ദേശീയ അവധി ദിവസമായ താങ്ക്‌സ് ഗിവിങ് ദിവസത്തിന് തൊട്ടടുത്ത ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ ആചരിക്കുന്നത്. നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയിൽ താങ്ക്‌സ് ഗിവിങ് ഡേ ആചരിക്കുന്നത്. വിളവെടുപ്പിന് ശേഷം ദൈവത്തിനോട് നന്ദി പറയുന്ന ദിവസം എന്ന രീതിയിലാണ് താങ്ക്‌സ് ഗിവിങ് ഡേ ആചരിച്ച് തുടങ്ങിയത്.

ഇതിന് തൊട്ടടുത്ത ദിവസം ആളുകൾ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ അതാത് വർഷത്തെ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന രീതി ആധുനിക കാലത്ത് വ്യാപരോത്സവമായി മാറുകയായിരുന്നു. ബ്ലാക്ക് ഫ്രൈഡേ ഒരു ഔദ്യോഗിക അവധി ദിവസമല്ലെങ്കിലും മിക്ക സ്ഥാപനങ്ങളും താങ്ക്‌സ് ഗിവിങ് ദിനത്തിന് തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ചയും അവധി നൽകും. ഇതിലൂടെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി വ്യാപാരം നടക്കും. വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ.

അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് ബ്ലാക്ക് ഫ്രൈഡെ എന്ന പേര് ഉത്ഭവിച്ചത്. താങ്ക്‌സ് ഗിവിങിന്റെ പിറ്റേദിവസം വാഹന ഗതാഗതവും മനുഷ്യരുടെ വഴിനടപ്പും താറുമാറാവുന്ന ദിവസമായതിനാലാണ് ഇങ്ങനെ പേരുവന്നത്. ഇതിന് പുറമെ കച്ചവടക്കാരുടെ വാർഷിക വരവുചെലവ് കണക്ക് ചുവപ്പുമഷിയിൽ എഴുതിയ നഷ്ടത്തിൽനിന്ന് കുറുപ്പ് മഷിയിൽ എഴുതിയ ലാഭത്തിലേയ്ക്ക് കടക്കുന്നത് ഈ ദിവസമാണ്.

ഓൺലൈൻ വ്യാപരങ്ങൾ ശക്തമായതോടെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പന ലോകം മുഴുവൻ ശ്രദ്ധേയമായി. ഇതിലൂടെ ആമസോൺ, ഫ്‌ളിപ്കാർട്ട്, വാൾമാർട്ട്, മിഷോ തുടങ്ങിയ സൈറ്റുകൾ ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ തങ്ങളുടെ സൈറ്റിലൂടെ വമ്പൻ വിലകുറവിൽ ഉൽപ്പന്നങ്ങൾ വിൽക്കാറുണ്ട്. ഈവർഷത്തെ ബ്ലാക്ക് ഫ്രൈഡേയിൽ വില കുറയുന്ന പ്രൊഡക്ടുകൾ മുൻകൂർ ബുക്കിങ് ആയി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

content highlight: what-is-black-friday-and-offers-you-should-not-miss