കേന്ദ്ര സർവകലാശാലകളിൽ 5182 അധ്യാപക ഒഴിവുകളുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകന്ത മജുംദാർ രാജ്യസഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. 2024 ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. നിയമനങ്ങൾ നടത്തുന്നത് നീണ്ട പ്രക്രിയയാണെന്നും ഒഴിവുകളുണ്ടാവുന്നത് അധ്യാപകർ വിരമിക്കുന്നതും രാജിവെക്കുന്നതും കൊണ്ടാണെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതാണ് കൂടുതൽ അധ്യാപകർ ആവശ്യമായി വരാനുള്ള ഒരു കാരണം. ഒഴിവുകൾ സമയബന്ധിതമായി നികത്താൻ കേന്ദ്ര സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയതാണെന്നും പ്രത്യേക റിക്രൂട്ട്മെൻ്റ് ഡ്രൈവറിലൂടെ 7650 അധ്യാപകരെ കേന്ദ്ര സർവകലാശാലകളിൽ നിയമിച്ചെന്നും മന്ത്രി വിശദീകരിച്ചു. കേന്ദ്ര സർവകലാശാലകളിലെ ഒഴിവുകൾ, നിയമന വിവരങ്ങൾ, വിജ്ഞാപനങ്ങൾ എന്നിവ യുജിസിയുടെ CU-Chayan എന്ന പോർട്ടൽ വഴി പരസ്യപ്പെടുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.