വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്.അർജുൻ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
“അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചത് ബാലഭാസ്കറാണെന്നാരോപിച്ച് അർജുൻ തങ്ങൾക്കെതിരെ ത്യശൂർ എംഐസിറ്റിയിൽ കേസ് കൊടുത്തിരുന്നു. ഒരു കോടി രൂപ തനിക്ക് നഷ്ടപരിഹാരം തരണം എന്നായിരുന്നു അർജുന്റെ ആവശ്യം. സംശയമല്ല ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പാണ്. കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോർട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്.അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി. സ്വർണ്ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ. കേസിൽ ഒരു നീതിയും ലഭിച്ചിട്ടില്ല. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും” കെ സി ഉണ്ണി കൂട്ടിച്ചേർത്തു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വർണ്ണ കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു. സ്വർണ്ണം കവർന്ന കേസിൽ 13 പേർ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ 13 അംഗ സംഘത്തിലെ അംഗമാണ് അർജുനും. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്.