ആരോഗ്യവും ഇടതൂർന്നതുമായ മുടിയിഴകൾ കൊതിക്കാത്തവരായി ആരുമില്ല. അതിനായി മാർക്കറ്റിൽ നിന്ന് പല തരത്തിലുള്ള എണ്ണകളും ഷാംപൂകളും വാങ്ങി ഉപയോഗിച്ച് മടുത്തിട്ടും ഉണ്ടാകും. എന്നാൽ ഇനി വിഷമിക്കേണ്ട കരുത്തുള്ള മുടിയാണോ ആഗ്രഹിക്കുന്നതെങ്കിൽ നമുക്ക് മുട്ട ഉപയോഗിച്ച് മുടിയിഴകളുടെ ആരോഗ്യം സംരക്ഷിക്കാം. മുട്ട കഴിക്കുന്നതും മുടിയിൽ മാസ്കായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും. മുട്ടയിലടങ്ങിയിരിക്കുന്ന ജീവകങ്ങളായ എ, ബി, ഡി, ഇ എന്നിവ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും സഹായിക്കുന്നവയാണ്. ശരീരത്തിൽ സീബത്തിന്റെ ഉത്പാദനം ഉയർത്താനും അത് വഴി താരൻ തടയാനും സഹായിക്കുന്നത് ജീവകം എ ആണ്. മുടികൊഴിച്ചിൽ തടയാനും ഈ ജീവകം സഹായിക്കും.
പല വിധത്തിൽ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞ. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നുകൂടിയാണ് മുട്ടയുടെ മഞ്ഞ. മുട്ട ധാരാളം കഴിക്കുന്നതും നല്ലതാണ്. മുട്ടയുടെ മഞ്ഞയിൽ ധാരാളം വിറ്റാമിൻ, പ്രോട്ടീൻ, ഫാറ്റി ആസിഡ് തുടങ്ങിയവ ഉണ്ട്. ഇത് മുടിക്ക് തിളക്കവും മുടി എപ്പോഴും ഈർപ്പമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നൽകി മുടി വളരാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് മുട്ട.
ആഴ്ചയിൽ ഒരു മുട്ട മാസ്‌ക് തലയിൽ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വരുന്നതിനും മുട്ട നല്ലതാണ്. മുട്ടയുടെ മഞ്ഞയടക്കം തേയ്ക്കുന്നതാണ് നല്ലത്. മുട്ട മഞ്ഞയിലാണ് മുടിയ്ക്ക് ആവശ്യമായ പ്രോട്ടീൻ അടങ്ങിയിരിയ്ക്കുന്നത്. മുട്ടയുടെ മഞ്ഞ തലയിൽ തേക്കുമ്പോഴുള്ള ഗന്ധം ഒന്നു സഹിച്ചാൽ മാത്രം മതി. മുട്ടയുടെ മഞ്ഞയും വെള്ളയും ചേർത്ത് അടിച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ നാരാങ്ങാ നീര് വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ തേച്ച് 15 മിനിറ്റിന് ശേഷം വെള്ളത്തിൽ കഴുകിക്കളയാം. മുടിയിഴകളുടെ ആരോഗ്യം കൂട്ടാനും താരനെ അകറ്റാനും ഇത് സഹായിക്കും. മറ്റൊരു രീതി കുതിർത്ത് അരച്ച ഉലുവയിലേക്ക് മുട്ടയുടെ വെള്ള ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം മുടി കഴുകുക. മുടിയ്ക്ക് ഉള്ളും തിളക്കവും നൽകാൻ ഈ ഹെയർ പാക്ക് സഹായിക്കും.