Video

അനർഹർ പെൻഷൻ വാങ്ങിയതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ധനമന്ത്രി

അനർഹരായ സർക്കാർ ഉദ്യോഗസ്ഥർക്ക് ക്ഷേമ പെൻഷൻ ലഭിച്ചതിൽ നടപടി ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സർക്കാർ ജീവനക്കാരിൽ ഒരു ചെറിയ വിഭാഗമാണ് തെറ്റ് ചെയ്‌തത്. ഇതിൽ ജീവനക്കാരുടെ സംഘടനകൾ മുഴുവൻ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആരു തെറ്റ് ചെയ്താലും ഞങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സംഘടന പറയേണ്ടത്. എന്നാൽ അവർ ആ സമീപനമല്ല സ്വീകരിച്ചത്. ജീവനക്കാരുടെ സംഘടനയുടെ വാദത്തോട് യോജിപ്പില്ല എന്നും മന്ത്രി വ്യക്തമാക്കി.

അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണ്. വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണം കഴിയാതെ ആളുകളുടെ പേരുകള്‍ പുറത്ത് വിടാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ജോലിക്ക് കയറികഴിഞ്ഞാല്‍ ഒരോ വര്‍ഷവും മറ്റ് പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് മസ്റ്ററിങ്ങ് നടത്തുമ്പോള്‍ വ്യക്തമാക്കേണ്ടതാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചില്ല എന്നും മന്ത്രി വിമർശിച്ചു.

സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഉള്‍പ്പെടുന്നു. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ്. ആരോഗ്യ വകുപ്പില്‍ 373 പേരാണ് അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.

Latest News