വൈവിധ്യങ്ങളും പ്രത്യേകതകളും നിറഞ്ഞ ഇടമാണ് മഹാരാഷ്ട്ര. മനോഹരമായ കടല്‍ത്തീരങ്ങളും വന്‍ നഗരങ്ങളും ആരെയും മോഹിപ്പിക്കുന്ന ഹില്‍സ്റ്റേഷനുകളുമുണ്ട് മഹാരാഷ്ട്രയില്‍. അതിൽ സുന്ദരമായൊരിടമാണ് തെക്കൻ മഹാരാഷ്ട്രയിലെ അംബോലിയിലെ ഹിൽ സ്റ്റേഷനിലുള്ള അംബോലി വെള്ളച്ചാട്ടം. പട്ടണത്തിന് പുറത്ത് ഏതാനും മൈൽ അകലെ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടം ഇതുവഴി കടന്നുപോകുന്ന എല്ലാവരും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു മനോഹര സ്ഥലമാണ്. സുഹൃത്തുക്കൾക്ക് ഒത്തുകൂടാനും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും ദൈനംദിന തിരക്കുകളിൽ നിന്ന് ഒരു ആശ്വാസത്തിനുമൊക്കെ പറ്റിയ ഇടമാണ് ഇവിടം. അവിശ്വസനീയമാംവിധം ഉയർന്ന ഈ വെള്ളച്ചാട്ടത്തിന് ചുറ്റും മറ്റ് നിരവധി വെള്ളച്ചാട്ടങ്ങളും ഉണ്ട്. മുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കാഴ്ചയും അതിനൊപ്പം ചേർത്ത പച്ചപ്പും ഇതിന്റെ സൗന്ദര്യവും മനോഹാരിതയും വർദ്ധിപ്പിക്കുന്നു. അംബോലി വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മൺസൂൺ കാലമാണ്. പെയ്യുന്ന മഴയുടെ ശക്തിയനുസരിച്ച് വെള്ളച്ചാട്ടങ്ങളുടെ എണ്ണം കൂടുമ്പോള്‍ കണ്ടു നില്‍ക്കുന്ന ആര്‍ക്കും ഈ മാന്ത്രിക സൗന്ദര്യക്കാഴ്ച ഉപേക്ഷിച്ച് പോകാൻ കഴിയില്ല. താഴ്‌വരകളും കോടമഞ്ഞു പുതച്ചു നിൽക്കുന്ന വഴികളും തിങ്ങിയ കാടുകളുമൊക്കെയാണ് മഹാരാഷ്ട്രയുടെ റാണിയായി അംബോലി മലനിരകളെ മാറ്റുന്നത്. പശ്ചിമ ഘട്ടത്തിലെ സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്‌റ്റേഷന്‍ പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്‌പോട്ട് ഏരിയയാണ്. അപൂര്‍വ്വങ്ങളായ ധാരാളം സസ്യജന്തുജാലങ്ങളുള്ള ഇവിടെ താരതമ്യേന അധികം ആളുകള്‍ എത്തിയിട്ടില്ല. വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലിയില്‍ ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ച അധികമാണ്.
സഹ്യാദ്രിയുടെ ഭാഗമായ അംബോലി സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തിലാണ് നിൽക്കുന്നത്. സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഒരു പ്രധിരോധ മേഖലയെന്ന തരത്തിലാണ് അംബോലി പ്രധാന്യം നേടിയത്. മണ്‍സൂണ്‍ കാലത്ത് ഏറ്റവും നല്ല മഴ ലഭിയ്ക്കുന്ന മഹാരാഷ്ട്രയിലെ പ്രദേശങ്ങളിലൊന്നാണിത്. അതിനാല്‍ത്തന്നെ ബ്രിട്ടീഷുകാര്‍ അംബോലിയേക്കാളും വേനല്‍ക്കാല കേന്ദ്രമെന്ന നിലയില്‍ പ്രാധാന്യം നല്‍കിയത് മതേരനായിരുന്നു. അതുമൂലം ഏറെക്കാലം മഹാരാഷ്ട്രയുടെ ഭൂപടത്തില്‍ അംബോലി ഒരു ഹില്‍സ്റ്റേഷനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നു അംബോലി. പിന്നീട് 1880ലാണ് അംബോലി ഒരു ഹില്‍ സ്‌റ്റേഷന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്.