tips

ദിവസവും 10000 സ്റ്റെപ്പുകൾ നടന്നാലോ

ദിവസവും 10000 സ്റ്റെപ്പുകൾ നടക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. വീട്ടിലായാലും ജോലിസ്ഥലത്തായാലും ദിവസവും ചെയ്യാറുള്ള ചില കാര്യങ്ങളിൽ ഒരല്പം മാറ്റം വരുത്തിയാൽ നിങ്ങൾക്കും ദിവസവും 10000 ചുവടുകൾ നടക്കുക എന്ന ലക്‌ഷ്യം എളുപ്പത്തിൽ നേടിയെടുക്കാം.

ശരീരഭാരം കുറയ്ക്കാൻ: ദിവസവും 10000 സ്റ്റെപ്പുകൾ നടക്കുന്നതുവഴി ഒരാഴ്ച 2,000 മുതൽ 3,500 കലോറി വരെ എരിച്ച് കളയാൻ സാധിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച വ്യായാമമാണ്. ഭാരം കുറയ്ക്കാൻ മാത്രമല്ല, വീണ്ടും കൂടാതിരിക്കാനും പതിവായുള്ള നടത്തം നിങ്ങളെ സഹായിക്കും.

ഹൃദയാരോഗ്യം: അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ഗവേഷണത്തിൽ ദിവസവും കുറഞ്ഞത് 10000 സ്‌റ്റെപ്സ് നടക്കുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നടത്തം പതിവാക്കാം.

 

സമ്മർദ്ദം കുറയ്ക്കാൻ: അമിത സമ്മർദ്ദം കുറക്കാനും നടത്തം ഗുണകരമാണ്. കുറഞ്ഞത് പത്ത് മിനിറ്റ് എങ്കിലും നടക്കുന്നത് പോലും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ശ്വാസകോശരോഗ്യം: Journal of Cardiopulmonary Rehabilitation and Prevention – ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനമനുസരിച്ച് ശ്വസനത്തിന് സഹായിക്കുന്ന പേശികളെ ശക്തിപ്പെടുത്താനും ശ്വാസകോശത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തന ക്ഷമത മെച്ചപ്പെടുത്താനും നടത്തം സഹായിക്കുന്നുണ്ട്.

 

ഒരു വളർത്തുനായ ഉണ്ടെങ്കിൽ അതിനെ ഇടയ്ക്കിടെ പുറത്തു കൊണ്ടുപോകുന്നത് നിങ്ങൾക്കും നടക്കാനുള്ള എളുപ്പവഴിയാണ്.

– നിങ്ങൾക്കിഷ്ടമുള്ള പാട്ട് വെച്ച് അതിനൊപ്പം ചുവടുകൾ വെച്ച് നോക്കൂ, വീട്ടിൽ തന്നെ നിന്നുകൊണ്ടുള്ള നടത്തം രസകരമാക്കാം.

– അടിച്ചുവാരുന്നത് മുതൽ വീട് തുടക്കുന്നതുവരെയുള്ള വീട്ടുജോലികൾ ചെയ്യുന്നതുവഴിയും നിങ്ങളുടെ സ്റ്റെപ്പുകളുടെ എണ്ണം കൂട്ടാം.

– അടുക്കളയിൽ പാചക വേളയിൽ, ചായ തിളക്കുന്നതുവരെയുള്ള സമയമോ, കുക്കറിൽ നിന്ന് വിസിൽ കേൾക്കുന്ന വരെയുള്ള സമയമോ ഒക്കെ വീടിനുള്ളിൽ കൂടെ ചെറുനടത്തങ്ങൾ ആവാം.

– ഫോണിൽ സംസാരിക്കുമ്പോൾ എന്തുകൊണ്ട് നടന്നുകൊണ്ട് സംസാരിച്ചുകൂടാ?ഇത്രയൊക്കെ ചെയ്തിട്ടും 10000 സ്റ്റെപ്പുകൾ ആയോ എന്ന് അറിയാൻ ഇന്ന് നിരവധി മാർഗ്ഗങ്ങളുണ്ട്. നിങ്ങളുടെ നടത്തം ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ഫോണിലുണ്ട്. സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത് വഴിയും നടത്തം കൃത്യമായി ട്രാക്ക് ചെയ്യാം. ഒറ്റയടിക്ക് 10000 സ്റ്റെപ്പ് എന്ന ലക്ഷ്യത്തിലേക്ക് എത്തുക എന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. അതിനാൽ പതിയെ ആരംഭിക്കാം.