ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചേളന്നൂര്‍ പോഴിക്കാവ് കുന്ന് ഇടിച്ച് രാത്രി പൊലീസ് സംരക്ഷണത്തോടെ മണ്ണെടുപ്പ് നടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രാത്രി വൈകിയും പോഴിക്കാവ് കുന്നിന് സമീപം പുതിയേടത്ത് താഴം – ചിറക്കുഴി റോഡില്‍ കാവല്‍ നില്‍ക്കുകയാണ്. ദേശീയപാതയ്ക്കെന്ന പേരിലാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നത്. കുന്നിന്റെ ഒരു ഭാഗം പൂര്‍ണമായും ഇടിച്ചു നിരത്തിയിട്ടുണ്ട്.
മണ്ണെടുപ്പിനെതിരെ കഴിഞ്ഞ 24ന് ജനകീയ കണ്വന്ഷന് നടത്തി പോഴിക്കാവ്കുന്ന് സംരക്ഷിക്കുമെന്ന് നാട്ടുകാര്‍ പ്രതിജ്ഞ എടുത്തിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി മണ്ണെടുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണെടുപ്പ് തടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലരെ മണ്ണെടുത്തവര്‍ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതും നാട്ടുകാരെ പ്രകോപിതരാക്കി.
ഇന്നലെ രാവിലെ കാക്കൂര്‍ എസ്ഐയാണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെംബറുമായ പി.സുരേഷ് കുമാറിനെ വിളിച്ചു പൊലീസ് സംരക്ഷണത്തോടെ മണ്ണെടുക്കുമെന്ന് അറിയിച്ചത്. മണ്ണെടുപ്പിന് അനുമതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉത്തരവ് പൊലീസ് കണ്ടെന്ന മറുപടിയാണ് എസ്ഐ പറഞ്ഞതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. രാത്രിയോടെ വന്‍ സന്നാഹത്തോടെ പൊലീസും മണ്ണു കൊണ്ടു പോകാനായി ലോറികളും എത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് പൊലീസ് പുതിയേടത്ത് താഴം – ചിറക്കുഴി റോഡിന്റെ ഇരുഭാഗങ്ങളിലായി നിലയുറപ്പിച്ചു.
മണ്ണെടുത്ത് കൊണ്ടു പോകുന്ന സമയത്ത് പൊടിശ്വസിച്ച് സമീപത്തെ വീട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടിയിരുന്നു. സമീപത്തെ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുകയാണ്.