Kerala

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി സാംബശിവറാവു, ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ അനധികൃതമായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പറ്റിച്ച് തിന്നുന്നവരില്‍ പതിനായിരങ്ങള്‍ ശമ്പളമുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അസിസ്റ്റന്റ് പ്രാഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറി അധ്യാപകന്‍മാര്‍ വരെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ധന വകുപ്പ്ിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് പരിശോധന നത്തിയത്.

അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തട്ടിപ്പു നടത്തയതില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ ജോലി ചെയ്യുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേര്‍.

മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നു.

CONTENT HIGHLIGHTS; Strict action against government employees who bought welfare pension unqualifiedly