Kerala

ആകാശ് മോഹനായുളള തിരച്ചില്‍ ഋഷികേശില്‍ പുരോഗമിക്കുന്നു: ചില മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നോര്‍ക്ക

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ ഇന്നലെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ കണ്ടെത്തുന്നതിനായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്‌സ് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂണ്‍ ജില്ലാ ഭരണകൂടങ്ങളുമായും പ്രദേശത്തെ മലയാളിസംഘടനകള്‍ പ്രതിനിധികള്‍ എന്നിവരുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നാലു റാഫ്റ്റിങ് ബോട്ടുകള്‍ തിരച്ചിലില്‍ സജീവമാണ്. തിരച്ചില്‍ പുരോഗമിച്ചുവരവെ ചില മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു.

ഇത് ഖേദകരമാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഉത്തര്‍ഖണ്ഡില്‍ എത്തിയ ആകാശ് മോഹന്റെ ബന്ധുക്കളുമായി നോര്‍ക്ക, കേരള ഹൗസ് അധികൃതരും നിരന്തര സമ്പര്‍ക്കത്തിലാണ്. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് വിനോദയാത്രയ്ക്കായി ഋഷികേശിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുളള മറ്റുളളവര്‍ സുരക്ഷിതരാണ്. സംഘത്തിലെ മുന്നു മലയാളികള്‍ ഋഷികേശില്‍ തുടരുന്നുണ്ട്. 35 പേര്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങി. മറ്റുളളവരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

CONTENT HIGHLIGHTS; Search for Akash Mohan in progress in Rishikesh: Norka dismisses some media reports as baseless

Latest News