India

സംഭൽ​ സന്ദർശിക്കാനെത്തിയ സമാജ്​വാദി പാർട്ടി സംഘത്തെ തടഞ്ഞ്​ പൊലീസ്​

ശാഹി ജുമാമസ്ജിദ് സർവേയുമായി ബന്ധപ്പെട്ട്​ സംഘർഷമുണ്ടായ സംഭലിലേക്ക്​ പോകാനിരുന്ന 15 അംഗ സമാജ്​വാദി പാർട്ടി പ്രതിനിധി സംഘത്തെ തടഞ്ഞ്​ ഉത്തർ പ്രദേശ്​ പൊലീസ്​. പ്രതിപക്ഷ നേതാവ്​ മാതാ പ്രസാദ്​ പാണ്ഡെയുടെ വസതിക്ക്​ മുന്നിൽ വിന്യസിച്ച കനത്ത പൊലീസ്​ സംഘമാണ്​ ഇവരെ തടഞ്ഞത്​. സമാജ്​വാദി പാർട്ടി തലവൻ അഖിലേഷ്​ യാദവിന്റെ നിർദേശപ്രകാരമാണ്​ ശനിയാഴ്​ച 15 അംഗ സംഘം സംഭലിലേക്ക്​ ​പോകാനിരുന്നത്​.

മാതാ പ്രസാദ്​ പാണ്ഡെയാണ്​ സംഘത്തെ നയിക്കേണ്ടിയിരുന്നത്​. മസ്​ജിദ്​ സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തി​െൻറ വിശദ വിവരം ശേഖരിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പ്രതിപക്ഷ നേതാവിന്​ പുറമെ ലെജിസ്​ളേറ്റീവ്​ കൗൺസിൽ നേതാവ്​ ലാൽ ബിഹാരി യാദവ്​, സംസ്​ഥാന അധ്യക്ഷൻ ശ്യാം ലാൽ പാൽ, എംഎൽഎമാർ, എംഎൽസിമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഘത്തെ പൊലീസ്​ തടഞ്ഞതോടെ ഇവർ പാർട്ടി ഓഫീസിലേക്ക്​ പോകാൻ ശ്രമിച്ചു. എന്നാൽ, ​പ്രതിപക്ഷ നേതാവി​െൻറ വീട്ടിൽനിന്ന്​ പോകാൻ ഇവരെ അനുവദിച്ചില്ലെന്ന്​ നേതാക്കൾ ആരോപിച്ചു.

തങ്ങളെ തടയാൻ പൊലീസിന്​ ഒരു അവകാശവും ഇല്ലെന്ന്​ മാതാ പ്രസാദ്​ പാണ്ഡെ കുറ്റപ്പെടുത്തി. ആരും സംഭലിലേക്ക്​ പോകരുതെന്നാണ്​ പറയുന്നത്​. പക്ഷെ, ഞങ്ങളെ എങ്ങോട്ടും പോകുന്നത്​ തടയാൻ ഇവർക്ക്​ സാധ്യമല്ല. അവർ നിയമവിരുദ്ധമായാണ്​ പ്രവർത്തിക്കുന്നതെന്ന്​ എല്ലാവർക്കും അറിയാം. ഭരണഘടനാ വ്യവസ്​ഥ സർക്കാർ ഒരിക്കലും പിന്തുടരാറില്ല. നമുക്ക്​ എവിടെയും​ സഞ്ചരിക്കാമെന്നത്​ ഭരണഘന നൽകുന്ന അവകാശമാണ്​. സംഭലിൽ മാത്രമാണ്​ നിരോധനാജ്​ഞ, ലഖ്​നൗവിൽ നിരോധനാജ്​ഞ ഇല്ലെന്നും പാണ്ഡെ വ്യക്​തമാക്കി.