India

ദില്ലി രോഹിണിയിലെ സ്ഫോടനം; പടക്ക കടയിലെ മാലിന്യം പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യത

വ്യാഴാഴ്ച ദില്ലി രോഹിണിയിലുണ്ടായ സ്ഫോടനത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പടക്ക കടയിലെ മാലിന്യമോ, രാസവസ്തുക്കളടങ്ങിയ മാലിന്യമോ ആണോ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. മേഖലയിലെ പടക്ക വിൽപ്പന കേന്ദ്രങ്ങളുടെ ഉടമകളെയും, ഫാക്ടറി ഉടമകളെയും പൊലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞ മാസം മേഖലയിലുണ്ടായ സ്ഫോടനത്തിന് കാരണം രാസവസ്തുക്കളടങ്ങിയ മാലിന്യത്തിലേക്ക് ബീഡിക്കുറ്റി വീണതാണെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘം എത്തിയിരുന്നു. അവിടെ നിന്നും കിട്ടിയ ഹൈഡ്രജൻ പെറോക്സൈഡ്, ബോറേറ്റ്, നൈട്രേറ്റ് എന്നിവയുടെ മിശ്രിതമാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ ഇടത്ത് നിന്നും ലഭിച്ചത്. എല്ലാ സാധ്യതകളും അന്വേഷണ പരിധിയിലുണ്ടെന്ന് ദില്ലി പൊലീസ് ആവർത്തിച്ചു. പൊതുമുതലിന് നാശനഷ്ടം സംഭവിക്കും വിധം സ്ഫോടനം നടത്തിയതിന് തിരിച്ചറിയാനാകാത്തവർക്കെതിരായാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.