ഹൽവ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസിലേക്ക് വരിക കോഴിക്കോടൻ ഹൽവയാണ്. അതിന്റെ രുചിയും ഒന്ന് വേറെതന്നെയാണ്. കോഴിക്കോടൻ കറുത്ത ഹൽവ എങ്ങനെ അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈദ – 250 ഗ്രാം
ശർക്കര – 350 ഗ്രാം
ഏലക്ക പൊടി – ഒരു സ്പൂൺ
നട്സ് – സെറ്റ് ചെയ്യാൻ ആവശ്യത്തിന്
വെളിച്ചെണ്ണ – 1/4 ലിറ്റർ
വെള്ളം – 4 കപ്പ്
വെളുത്ത എള്ള് – 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതിൽ നിന്ന് കുറച്ചു ലൂസ് ആയിട്ട് ഒന്ന് കുഴച്ചെടുക്കുക. ഇങ്ങനെ കുഴച്ചെടുത്തതിന് ശേഷം, മറ്റൊരു പാത്രത്തിലേക്ക് വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് ഈ കുഴച്ചെടുത്ത മാവിനെ അലിയിച്ചെടുക്കുക. ഇങ്ങനെ അലിയിച്ചെടുത്ത് ആറ് മുതൽ 8 മണിക്കൂർ വരെ ഇത് അടച്ചു വയ്ക്കുക. അതിനുശേഷം നോക്കുമ്പോൾ വെള്ളം മാത്രമായി തെളിഞ്ഞു മുകളിൽ നിൽക്കുന്നത് കാണാം. വെള്ളം മുഴുവനായും കളഞ്ഞതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് വീണ്ടും രണ്ട് മണിക്കൂർ ഇത് അടച്ചു വയ്ക്കുക. വീണ്ടും അതിൽ നിന്ന് വെള്ളം തെളിഞ്ഞു വന്നിട്ടുണ്ടാവും. ആ വെള്ളവും കളഞ്ഞതിന് ശേഷം വേണം ഹൽവ തയ്യാറാക്കാൻ. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ശർക്കരയിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ശർക്കര നന്നായി അലിയിച്ച് എടുത്തതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മൈദ മാവ് ചേർത്തു കൊടുക്കാം. തീ കുറച്ചുവെച്ച് ഇത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഏലക്ക പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വീണ്ടും ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കുക. എടുത്തിരിക്കുന്ന വെളിച്ചെണ്ണയുടെ പകുതി ആദ്യം ഒഴിച്ച് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് കട്ടിയിൽ ആയി വരുമ്പോൾ വീണ്ടും വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എല്ലാം നന്നായി പാകത്തിനായി ഹൽവ പാനിൽ നിന്ന് ഇളകി വരുന്ന പാകത്തിന് ആയിക്കഴിയുമ്പോൾ ഇതിലേക്ക് വെളുത്ത എള്ള് കൂടി ചേർത്തു കൊടുത്ത് യോജിപ്പിക്കുക.
നല്ല കട്ടിയിൽ ആയിട്ടുള്ള ഹൽവയെ ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ തടവിയതിനുശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത് ഒരു സ്പൂൺ കൊണ്ട് ഇതൊന്ന് പ്രസ് ചെയ്ത് സെറ്റ് ആക്കിയതിനു ശേഷം അതിന് മുകളിൽ ആയിട്ട് വെളുത്ത എള്ളും അണ്ടിപ്പരിപ്പും ഡെക്കറേറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. നട്ട്സ് ചേർക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചേർക്കാവുന്നതാണ്. ചൂട് പോകാനായിട്ട് രണ്ടു മണിക്കൂർ ഇത് മാറ്റി വെച്ചതിനുശേഷം ഹൽവ വളരെ ഈസി ആയിട്ട് കട്ട് ചെയ്ത് എടുക്കാം.