Food

കുക്കറിൽ സിംപിൾ വെജ് ബിരിയാണി തയ്യാറാക്കാം

പൊതുവേ ബിരിയാണി പ്രിയരാണ് എല്ലാ മലയാളികളും. ഇടയ്ക്കിടെ ബിരിയാണി കഴിക്കാൻ ഒരു കൊതി തോന്നുമ്പോൾ ചിക്കൻ ബിരിയാണി തന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കണമെന്നില്ല, വളരെ എളുപ്പത്തിൽ ഒരു വെജ് ബിരിയാണി തട്ടിക്കൂട്ടി സംതൃപ്തി അടയാം. എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ബിരിയാണി അരി – ഒരു കപ്പ്
കാരറ്റ്  – ഒന്ന്
ബീൻസ് – നാല്
ഉരുളക്കിഴങ്ങ് – ഒന്ന്
തക്കാളി – ഒന്ന്
സവാള – ഒന്ന്
പച്ചമുളക് ചതച്ചത് – മൂന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ‌ടീസ്പൂൺ
നെയ്യ്
മുളക് പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ​ഗ്രാമ്പു
ഏലയ്ക്ക
കറുവപ്പട്ട
ഉപ്പ്

തയ്യാറാക്കുന്ന രീതി

ആദ്യം കുക്കറിൽ ആവശ്യത്തിന് നെയ്യ് ഒഴിക്കുക. ശേഷം അതിലേക്ക് കറുവപ്പട്ട, ​ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം ചതച്ച പച്ചമുളകും സവാളയും ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് വഴറ്റുക.  ആവശ്യത്തിന് ഉപ്പ്, മസാല പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. പിന്നീട്, അതിലേക്ക് കഴുകി വചിരിക്കുന്ന അരി ചേർക്കുക. ശേഷം നന്നായി ഇളക്കുക. ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർക്കുക. ഉപ്പ് കുറവാണെങ്കിൽ വീണ്ടും ഉപ്പ്  ചേർത്ത് ഇളക്കുക. ശേഷം കുറച്ച് നെയ്യ് ഒഴിച്ച് മല്ലിയില വിതറുക. വെള്ളം തിളച്ചതിന് ശേഷം കുക്കർ അടയ്ക്കുക. ഒരു വിസിൽ വന്നാൽ തന്നെ വെന്തുകഴിഞ്ഞിരിക്കും. ആവി പോയ ശേഷം കുക്കർ തുറന്ന് ബിരിയാണി വിളമ്പാം.