World

നൈജീരിയയിലെ ബോട്ടപകടത്തിൽ 27 മരണം, കാണാതായവർക്കുള്ള തിരച്ചിൽ ശക്തം

നൈജീരിയയിലെ നൈജർ നദിക്കരയിൽ ബോട്ട് മറിഞ്ഞ് 27 പേർ മുങ്ങി മരിച്ചു. കോഗി സംസ്ഥാനത്ത് നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോവുകയായിരുന്ന ബോട്ടിൽ 50 ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മരണപെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും ചെറുകിട കച്ചവടക്കാരും കരകൗശല വിദഗ്ധരുമാണ്, ഇവരുമായി ഭക്ഷ്യവിപണിയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞതെന്നാണ് വിവരം. മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെ 27 മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തതായി കോഗി സ്റ്റേറ്റ് എമർജൻസി സർവീസ് വക്താവ് സാന്ദ്ര മൂസ പറഞ്ഞു. സംഭവം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും ജീവനോടെ ഒരാളെപോലും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബോട്ടപകടം നടക്കുന്നത്. ബോട്ട് മുങ്ങാൻ കാരണമെന്താണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അമിതഭാരം ഉണ്ടായിരുന്നതാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന സൂചന. നല്ല റോഡുകളുടെ അഭാവം കാരണം ബദൽ മാർഗങ്ങളില്ലാത്ത നൈജീരിയയുടെ വിദൂര ഭാഗങ്ങളിൽ ബോട്ടുകളിൽ തിരക്ക് സാധാരണമാണ്. എന്നാൽ നൈജറിൻ്റെ ഈ ഭാഗത്ത് ബോട്ട് അപകടത്തിൽപ്പെടുന്നത് ഇതാദ്യമായാണ്.