മധുരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ട ഒരു ബേക്കറി ഐറ്റം ആണ് ലഡു. ഇനി കടയിൽ പോയി കഷ്ടപ്പെടാതെ വീട്ടിൽ തന്നെ നമുക്ക് ലഡു തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് – ഒരു കപ്പ്
ബേക്കിംഗ് സോഡ- ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
പഞ്ചസാര – ഒന്നരക്കപ്പ്
നെയ്യ് – മൂന്ന് ടീ സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
ഉണക്കമുന്തിരി – 10 എണ്ണം
ഏലക്കായ – 3 എണ്ണം
വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന രീതി
ആദ്യം കടലമാവ് അല്പം വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ബേക്കിംഗ് സോഡയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ദോശമാവിന്റെ പരുവത്തിൽ ലൂസ് ആയാണ് ഇത് മിക്സ് ചെയ്ത് എടുക്കേണ്ടത്. അതിന് ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഒരു ഓട്ടയുള്ള പാത്രത്തിലോ അല്ലെങ്കില്‍ തവിയിലോ ചെറുതായി ചെറുതായി ചൂടുള്ള എണ്ണയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് എണ്ണയില്‍ കിടന്ന് ചെറിയ ബ്രൗണ്‍ നിറമാവുമ്പോള്‍ കോരി മാറ്റി വെക്കുക. കോരി മാറ്റി വെച്ച ബൂന്തി ഒരു മിക്സിയുടെ ജാറില്‍ ഇട്ട് അടിച്ചെടുക്കുക. പൊടിഞ്ഞ് വരുന്ന പരുവമാവേണ്ടതാണ്. അടുത്തതായി എടുത്ത് വെച്ചിരിക്കുന്ന പഞ്ചസാരയില്‍ ഒരു കപ്പ് വെള്ളം ഒഴിപ്പിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നൂല്പ്പരുവത്തോടടുത്ത് ആവുമ്പോള്‍ ഇതിലേക്ക് പൊടിച്ച ഏലക്ക ചേർക്കുക. ശേഷം പൊടിച്ച് വെച്ചിരിക്കുന്ന ബൂന്തിയിലേക്ക് പഞ്ചസാര പാനി ചേര്‍ക്കണം. അതിന് ശേഷം ഇതിലേക്ക് നെയ്യും അണ്ടിപ്പരിപ്പും ചേര്‍ത്ത് മിക്സ് ചെയ്യണം. കുഴയ്ക്കാൻ പരുവത്തിൽ ആയി വരുമ്പോൾ ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാവുന്നതാണ്. തയ്യാറാക്കിയതിന്റെ അടുത്ത ദിവസം കഴിച്ചാല്‍ നല്ല സ്വാദുള്ള കടയില്‍ നിന്ന് വാങ്ങിക്കുന്ന അതേ രുചിയില്‍ ഉള്ള ലഡ്ഡു കഴിക്കാം.