Food

മത്സ്യങ്ങളിലെ കൊമ്പൻ ട്യൂണ തന്നെ; ​ഗുണങ്ങൾ നോക്കാം

ആഗോള മത്സ്യ വിപണിയില്‍ ചെമ്മീന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്പനയുള്ള മീനാണ് ട്യൂണ അഥവാ ചൂര. ഇതേ ഇനത്തിൽപെട്ട ഏകദേശം എട്ട് മീനുകൾക്ക് പറയുന്ന പേരാണ് ട്യൂണ. കുടുത, കേര, എന്നീ പേരുകളിലും കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഈ മീന്‍ അറിയപ്പെടുന്നുണ്ട്. കടലിലെ ഏറ്റവും വേഗതയേറിയ മത്സ്യമാണ് ട്യൂണ. യെല്ലോഫിന്‍ ട്യൂണയാണ് കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ നീന്തുന്നത്. മണിക്കൂറിൽ ശരാശരി 75 കിലോമീറ്റർ വേഗത്തിലാണു ട്യൂണയുടെ നീന്തൽ. ഇവയ്ക്കുള്ള ആരോ​ഗ്യം പോലെ തന്നെ ട്യൂണ കഴിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിനും വലിയ ​ഗുണം ചെയ്യും. ട്യൂണയില്‍ ധാരാളം പോഷകഘടകങ്ങളുണ്ട്. സെലിനിയം, വിറ്റാമിന്‍ ബി3, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജം നിലനിര്‍ത്താനും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ക്യാന്‍സര്‍ തടയാനും ട്യൂണയ്ക്ക് കഴിവുണ്ട്. ട്യൂണ മത്സ്യത്തിൽ പ്രോട്ടീൻ്റെ അളവ് വളരെ കൂടുതലാണ്. ഇത് പേശികളുടെ ബലം കൂട്ടും. ട്യൂണയിലുള്ള ഒമേ​ഗ ത്രീ ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രത്യേകിച്ച് ഇ.പി.എ, ഡി.എച്ച്.എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വീക്കം കുറയ്ക്കുകയും മോശം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടമാണ് ട്യൂണ മത്സ്യം. ട്യൂണ മത്സ്യത്തിലെ വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. ആരോഗ്യകരമായ കാഴ്ചയ്ക്കും കണ്ണിന്റെ പുറംഭാഗമായ കോർണിയയെ പരിപാലിക്കുന്നതിനും നിർണായകമായ വിറ്റാമിൻ എയും ഇതിൽ അടങ്ങിയിട്ടുണ്ട്.

കേരളത്തിന് പുറത്ത് ടിന്നിൽ അടച്ച് പാക്ക് ചെയ്ത ട്യൂണ ഫിഷ് ലഭിക്കും. ഇവയേക്കാൾ കൂടുതൽ നല്ലത് എപ്പോഴും ഫ്രഷ് ട്യൂണ തന്നെയാണ്. ടിന്നുകളിൽ അടച്ച ട്യൂണയ്ക്ക് അവയുടെ തരം അനുസരിച്ച് കൊഴുപ്പിൽ വ്യത്യാസമുണ്ടാകും. അമിതമായ മെർക്കുറി അടങ്ങിയിട്ടുണ്ടെങ്കിൽ അവ ദോഷം ചെയ്യും. നാഡീവ്യൂഹ പ്രശ്നങ്ങൾ, കുട്ടികളിൽ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് മെർക്കുറി എക്സ്പോഷർ കാരണമാകും.