India

ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ചെന്നൈയിൽ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങളാണ്. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.