Kerala

അനാവശ്യമായ വിമർശനങ്ങളാണ് ഹോമിയോപ്പതിക്കെതിരെ ഉണ്ടാകുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

അനാവശ്യമായ വിമർശനങ്ങളാണ് ഹോമിയോപ്പതിക്കെതിരെ ഉണ്ടാകുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഹോമിയോപ്പതിയുടെ ഗുണഫലം താനും അനുഭവിച്ചിട്ടുണ്ട്. ഹോമിയോപ്പതിയിൽ കാലാനുസൃതമായ ഗവേഷണങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപതിക്‌സ് കേരളയുടെ (ഐഎച്ച്കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹോമിയോപതിയുടെ ഗുണഫലം വ്യക്തപരമായി തനിക്കും അനുഭവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഹോമിയോപതിയെ അനുകൂലിക്കുന്നവരും വിമർശനത്തിന് വിധേയരാകുന്നു. കൊവിഡ് കാലത്ത് ഹോമിയോപതി ചികിത്സയുടെ പ്രാധാന്യത്തെ പറ്റി എഴുതിയപ്പോൾ തനിക്ക് നേരെയും വിമർശമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അലോപ്പതി അനുകൂലികൾ ഒരു ഭാഗത്തും ആയുർവ്വേദ-ഹോമിയോ ചികിത്സാ വിദഗ്ധർ‌ മറുഭാഗത്തുമായി നടക്കുന്ന തർക്കത്തെ സൂചിപ്പിച്ചാണ് മന്ത്രി സംസാരിച്ചത്.അതെസമയം കാലത്തിനനുസരിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ ഹോമിയോ രംഗത്ത് നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സർക്കാർ മേഖലയിൽ 1200 ഓളം ഹോമിയോപതി ക്ലിനിക്കുകളുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ചികിത്സാ കേന്ദ്രങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.