വിതുര ഗ്രാമപഞ്ചായത്തിലെ ചെറ്റച്ചൽ പൊട്ടൻച്ചിറ സമരഭൂമിയിലെ 18 പട്ടികവർഗകുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായമായി ആറ് ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സമരഭൂമിയിൽ സ്ഥിരതാമസമായതും കൈവശാവകാശരേഖ ലഭ്യമായതുമായ 18 കുടുംബങ്ങൾക്കാണ് സർക്കാർ പ്രത്യേക കേസായി പരിഗണിച്ച്, ഒരു വീടിന് ആറ് ലക്ഷം രൂപ നിരക്കിൽ ഭവനനിർമാണ ധനസഹായത്തിന് അനുമതി നൽകിയത്. അഞ്ച് ഗഡുക്കളായി തുക ഇവർക്ക് ലഭ്യമാക്കും.
സമരഭൂമിയിൽ 20 വർഷമായി താമസിക്കുന്ന 33 കുടുംബങ്ങൾക്ക് വ്യക്തിഗത വനാവകാശം നേരത്തെ നൽകിയിട്ടുണ്ട്. ഇതിൽ പ്രദേശത്ത് 19 കുടുംബങ്ങളാണ് കുടിൽകെട്ടി സ്ഥിരതാമസമുള്ളത്. ഇവർക്ക് വിതുര പഞ്ചായത്തിൽ നിന്ന് വീട് നമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും ഷെഡുകൾ ജീർണാവസ്ഥയിലായതിനാൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക ഭവനനിർമാണ പാക്കേജ് അനുവദിക്കുന്നതിന് വകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്നാണ് കൈവശാവകാശരേഖ ലഭ്യമായ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ആറ് ലക്ഷം രൂപ നൽക്കാൻ സർക്കാർ അനുമതി നൽകിയത്.
19 കുടുംബങ്ങളിൽ ഒരു കുടുംബത്തിന് മറ്റൊരു പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിട്ടുണ്ട്.