Kerala

അതിസുരക്ഷാ നമ്പർ പ്ലേറ്റ്; സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമാണത്തിനു യന്ത്രങ്ങൾ വാങ്ങാൻ രാജ്യാന്തര ടെൻഡർ വിളിക്കുന്നതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ ഒന്നിന് മുൻപു നിർമിച്ച വാഹനങ്ങൾക്കുള്ള നമ്പർ പ്ലേറ്റിനായി ഗതാഗത വകുപ്പ് ജൂലൈ 30ന് ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്‌കുമാർ സിങ് റദ്ദാക്കിയത്. അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാക്കുന്നതു സംബന്ധിച്ചും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുമുള്ള ഹർജികളിലാണു ഹൈക്കോടതി ഉത്തരവ്. വിജ്ഞാപനം സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അംഗീകാരമുള്ള ഒന്നോ അതിലധികമോ നി‌ർമാതാക്കളെയും ഡീലർമാരെയും തിരഞ്ഞെടുക്കാൻ ന്യായവും സുതാര്യവുമായ ടെൻഡർ നടപടികൾ സർക്കാർ സ്വീകരിക്കണം. അതുവരെ വാഹനനിർമാതാക്കൾക്കും ഡീലർമാർക്കും 2019 ഏപ്രിൽ ഒന്നിനു മുൻപ് നിർമിച്ച വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള അനുമതിയും നൽകി. വിജ്ഞാപനം അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാക്കാതിരിക്കാനുള്ള തന്ത്രമാണെന്നു കോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ തുടർ അനുമതിയോ സിലക്‌ഷനോ ഇല്ലാതെ, കേന്ദ്ര ഏജൻസിയുടെ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റുള്ള നിർമാതാക്കളെയും ഡീലർമാരെയും അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.