ജറുസലം: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ജീവകാരുണ്യപ്രവർത്തകരടക്കം 35 പേർ കൊല്ലപ്പെട്ടു. 72 പേർക്കു പരുക്കേറ്റു. ഖാൻ യൂനിസിൽ വാഹനത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് യുഎസ് ആസ്ഥാനമായ ജീവകാരുണ്യ സംഘടന വേൾഡ് സെൻട്രൽ കിച്ചന്റെ (ഡബ്ല്യൂസികെ) 3 ജീവനക്കാർ കൊല്ലപ്പെട്ടത്. ഇതിലൊരാൾക്ക് ഹമാസ് ബന്ധമുണ്ടെന്നാണ് ഇസ്രയേൽ ആരോപണം.
ഖാൻ യൂനിസിൽ പലസ്തീൻകാർക്കു ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന വാഹനത്തിനുനേരെയായിരുന്നു ആക്രമണം. ഗാസയിൽ പലയിടത്തും ഡബ്ല്യുസികെയുടെ സമൂഹഅടുക്കള പ്രവർത്തിക്കുന്നുണ്ട്. അതിനിടെ, വെടിനിർത്തൽ ചർച്ചയ്ക്കായി ഹമാസ് പ്രതിനിധി സംഘം ഇന്നലെ കയ്റോയിലെത്തി. ഗാസ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹമാസിനെ തുടച്ചുനീക്കാതെ യുദ്ധം തീരില്ലെന്ന നിലപാടിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 44,382 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആകെ 1,05,142 പേർക്കു പരുക്കേറ്റു.