‘ഫെന്‍ഗല്‍ എഫക്‌ടിൽ കേരളത്തിലും മഴ കനക്കും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: തുലാവർഷം തുടങ്ങിയ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്താകെ മഴ ശക്തമായിരുന്നില്ല. എന്നാൽ ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തുലാവർഷം അതിശക്തമായേക്കുമെന്ന് വിവരം. പുതുച്ചേരിയിൽ തീരം തൊട്ട ഫെന്‍ഗല്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ശക്തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. ഇന്നു വിവിധ ജില്ലകളിൽ യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.