സൺഡേ സ്പെഷ്യലായി ഉരുഗ്രൻ മീൻ ബിരിയാണി തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ബിരിയാണി.
ആവശ്യമായ ചേരുവകൾ
- 1. നെയ്മീന്‍ / ഐക്കൂറ – ഒരു കിലോ ( ഇതില്‍ പരന്ന കഷണങ്ങള്‍ വറുക്കാന്‍ മാറ്റി വെക്കുക.)
- 2. ജീരകശാല അരി – 1 കിലോ
- 3. സവോള – 6 എണ്ണം
- 4. ഇഞ്ചി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
- 5. വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
- 6. തക്കാളി – 2 എണ്ണം
- 7. പച്ചമുളക് പേസ്റ്റ് ആക്കിയത് – 6 എണ്ണം
- 8. മുളക് പൊടി – 2 ടീസ്പൂണ്‍
- 9. മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
- 10. കുരുമുളക് ചതച്ചത് – 1 ½ ടീസ്പൂണ്‍
- 11. ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
- 12. തൈര് – 6 ടേബിള്‍ സ്പൂണ്‍
- 13. ചെറുനാരങ്ങാ നീര് – 2 ടീസ്പൂണ്‍
- 14. കറുവപ്പട്ട
- 15. ഗ്രാമ്പൂ – 5 എണ്ണം
- 16. ഏലക്ക – 5 എണ്ണം
- 17. തക്കോലം – 1
- 18. ബേ ലീഫ് – 1 എണ്ണം
- 19. അണ്ടിപ്പരിപ്പ് – 10 എണ്ണം
- 20. അണ്ടിപ്പരിപ്പ് പേസ്റ്റ് ആക്കിയത് – 2 ടേബിള്‍ സ്പൂണ്‍
- 21. കിസ്മിസ്
- 22. കസ്കസ് – 1 ടീസ്പൂണ്‍
- 23. പൈനാപ്പിള്‍ എസ്സെന്‍സ് – 5 ഡ്രോപ്പ്
- 24. നെയ്യ് – കാല്‍ കപ്പു
- 25. മല്ലിയില
- 26. പൊതിനയില
- 27. വെള്ളം
- 28. എണ്ണ
- 29. ഉപ്പ്
തയ്യാറാക്കുന്ന വിധം
വറുക്കാന്‍ വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ കഴുകി ഉപ്പും, 1 ടീസ്പൂണ്‍ മുളകുപൊടിയും, ¼ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ½ ടീസ്പൂണ്‍ കുരുമുളക് ചതച്ചത്, 1/2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി പേസ്റ്റ്, 1/2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് , 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
അണ്ടിപ്പരിപ്പും കസ്കസും കുറച്ചു വെള്ളം ചേര്‍ത്തു പേസ്റ്റ് ആക്കി മാറ്റി വെക്കുക. അരി കഴുകി 20 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വാലാന്‍ വെക്കുക. അണ്ടിപ്പരിപ്പും, കിസ്മിസും നെയ്യില്‍ വറുത്തു മാറ്റിവെക്കുക. ബാക്കി മാറ്റി വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ കഴുകി വെള്ളം ഒഴിച്ച് ഒരു സവാള മുറിച്ചു ഇട്ടു നന്നായി തിളപ്പിക്കണം. മീന്‍ സ്റ്റോക്ക് തയ്യാറാക്കാന്‍ വേണ്ടിയാണ്. അരമണിക്കൂര്‍ ചെറു തീയില്‍ തിളപ്പിക്കണം. എന്നിട്ട് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വെക്കുക.
ഫ്രൈയിംഗ് പാന്‍ ചൂടാക്കി 2 സവോള എണ്ണയില്‍ ക്രിസ്പി ആയി വറുത്തു കോരി പൊടിച്ചു വെക്കണം. അതെ എണ്ണയില്‍, മാറ്റി വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ കുറച്ചു നെയ്യും കൂടി ഒഴിച്ച് 3 സവോള വഴറ്റുക . 1 ½ ടേബിള്‍ സ്പൂണ്‍ ഇഞ്ചി പേസ്റ്റ്, 1 ½ ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ആവശ്യത്തിനു ഉപ്പ് എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക. അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് മുളക് പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വഴറ്റുക. കുറച്ചു മല്ലിയിലയും പൊതിനയിലയും ചേര്‍ത്തു വീണ്ടും വഴറ്റുക. ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന സവോളയും, ഗരം മസാലയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് തൈര് ഒഴിച്ച് ഇളക്കി എണ്ണ തെളിഞ്ഞു വരുമ്പോള്‍ അണ്ടിപ്പരിപ്പ് കസ്കസ് പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്തു പൊടിഞ്ഞു പോകാതെ ഇളക്കി അഞ്ചു മിനിട്ട് ചെറുതീയില്‍ അടച്ചു വെച്ച് വേവിക്കുക. ബിരിയാണി മസാല റെഡി.
ചുവടു കട്ടിയുള്ള പാത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ് എന്നിവ ചൂടാക്കി അതിലേക്കു അരി ഇട്ടു രണ്ടു മൂന്നു മിനുട്ട് ഇളക്കുക. അതിലേക്കു മീന്‍ സ്റ്റോക്ക് , വെള്ളം (ആകെ 10 ഗ്ലാസ്) ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞു തീ കുറയ്ക്കുക. വെള്ളം വറ്റിക്കഴിഞ്ഞാല്‍ ചോറ് റെഡി.
ധം ഇടുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്‍ കുറച്ച് അണ്ടിപ്പരിപ്പ് വറുത്തതും കിസ്മിസും വിതറുക. പൈനാപ്പിള്‍ എസ്സെന്‍സ് ഒന്ന് രണ്ടു തുള്ളി വീതം ഇടയ്ക്കു തളിക്കുക. ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്‍ നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. പാത്രം അലുമിനിയും ഫോയില്‍ കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്‍ പാത്രത്തിന്റെ അടപ്പും വെച്ചു ചെറു തീയില്‍ 20 മിനുട്ട് ധം ചെയ്യുക. ഇനി അലുമിനിയം ഫോയല്‍ മാറ്റി ചൂടോടെ വിളമ്പാം.