സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണ്. പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ ആക്രമിക്കുന്നുവെന്നും കണ്ണൂർ പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇ പി ജയരാജൻ പറഞ്ഞു. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. വാർത്താ മാധ്യമങ്ങളെ പണം കൊടുത്ത് പാർട്ടിയെ ദുർബലപ്പെടുത്താൻ ഉപയോഗിക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്ക് കഴിയാതെപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളാകാം. പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ, ഈ പ്രതിസന്ധി കടക്കാനാകൂവെന്നും ജയരാജൻ പറഞ്ഞു.