ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും തികച്ചും സ്വേച്ഛാധിപത്യ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാണ് വിസിയെ നിയമിക്കേണ്ടത്. കെടിയു ആക്ടിൽ അത് വ്യക്തമായി പറയുന്നുണ്ട്. സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടു പിടിക്കാനാണ് ഗവർണറുടെ ശ്രമം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവർണർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.