സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ സി വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഇരുവരും പ്രതികരിച്ചു. കെ സി വേണുഗോപാൽ വന്നത് ആരോഗ്യ വിവരം തിരക്കാനാണെന്ന് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍നിന്നു ജി.സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കും പൊതുസമ്മേളനത്തിലേക്കും ജി.സുധാകരന് ക്ഷണിച്ചിരുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി.
അതേസമയം ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിൽ നിന്ന് ജി.സുധാകരൻ പിന്മാറിയിരുന്നു. സിപിഐഎം വേദികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനിടെ ജി സുധാകരൻ്റെ വീട്ടിൽ വച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്ന് അവസാന നിമിഷമാണ് പിന്മാറ്റം. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നേതാക്കൾ ജി സുധാകരൻ്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി ജി സുധാകരൻ പിന്മാറുകയായിരുന്നു. വീട്ടിലെത്തിയ മുസ്ലിം ലീഗ് നേതാക്കളോട് താൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്ന് ജി സുധാകരൻ അറിയിച്ചതോടെ ഇവർ ഇവിടെ നിന്നും മടങ്ങി.