45-ാമത് ജി സി സി ഉച്ചകോടി കുവൈറ്റിൽ ആരംഭിച്ചു. ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ മുതലായ അംഗരാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളും ഔദ്യോഗിക പ്രതി നിധി സംഘങ്ങളും പങ്കെടുക്കും. 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്. ഉച്ചകോടിയിൽ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളും, ഗൾഫ് സാമ്പത്തിക സംയോജനം വർധിപ്പിക്കുവാനും പ്രാദേശികവും ആഗോളവുമായ വെല്ലുവിളികൾ നേരിടുന്നതും സംബന്ധിച്ച നിരവധി തന്ത്രപരമായ വിഷയങ്ങൾ ചർച്ച ചെയ്യും. ഗൾഫ് പൊതു വിപണി വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനു പുറമെ ഇറാഖ് , സിറിയ, യെമൻ ഫലസ്തീൻ, ലെബനോൺ, തുടഗിയ രാജ്യങ്ങളുടെ പ്രാദേശികവും അന്തർദേശീയവുമായ മറ്റു വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. ഉച്ചകോടിയോട് അനുബന്ധിച്ച് രാജ്യത്ത് ഇന്ന് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാലയങ്ങൾക്കും പൊതു അവധി നൽകിയിട്ടുണ്ട് . രാജ്യത്തെ അന്തർ ദേശീയ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ കാലത്ത് 10.30 മുതൽ ഉച്ച കോടിയുടെ സമാപനം വരെ അടച്ചിടും. ഉച്ച കോടിയോട് അനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളും ക്രമീകരിച്ചിട്ടുണ്ട്.