Kerala

മുണ്ടക്കൈ ദുരന്തം; കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല, രാഷ്ട്രീയം കളിക്കുന്നത് ദുഃഖകരം: പ്രിയങ്ക ഗാന്ധി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. എല്ലാവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുകയാണ്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെ ട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിലും പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, കേന്ദ്രത്തിലും സമ്മർദം ചെലുത്തും. അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തുവെന്നും എം പി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. വയനാട്ടിലേയ്ക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് പുറത്തുനിൽക്കുന്നവർ കരുതുന്നത്.ഇവിടെ വീണ്ടും ടൂറിസം വളർത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്‌ക്കെല്ലാം മുൻഗണന നൽകുമെന്നും പ്രിയങ്ക ഗാന്ധി എംപി കൂട്ടിച്ചേർത്തു.