കോഴിക്കോട് : ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ്തടവുകാരന്‍ ജയില്‍ ചാടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ രക്ഷപ്പെട്ടത്. ഞായറാഴ്ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടെലിവിഷന്‍ കാണാനുള്ള അനുമതി. ഇന്ന് രാവിലെ പത്തുമണിയോടെ ടെലിവിഷനില്‍ സിനിമ കാണിക്കാനായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴായിരുന്നു റിമാന്‍ഡിലുള്ള മുഹമ്മദ് സഫാദ് രക്ഷപ്പെട്ടത്. ബാത്ത്റൂമില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ച സഫാദ് സാഹസികമായി മതില്‍ ചാടുകയായിരുന്നു.
ഒരു മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം കൈമാറിയിട്ടുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുകയാണ്.
മുന്നൂറോളം തടവുകാരാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിലവില്‍ ഉള്ളത്. അടുത്ത കാലത്തൊന്നും തടവുകാര്‍ ജയില്‍ ചാടുന്ന സംഭവം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ രണ്ടാഴ്ച മുമ്പ് വിചാരണ തടവുകാര്‍ ജയില്‍ അധികൃതരെ മര്‍ദിച്ചിരുന്നു. ഇതില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാബാ ഷെരീഫ് കൊലക്കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന പ്രതികളായ അജ്മല്‍, ഷഫീഖ് എന്നീ പ്രതികളായിരുന്നു ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
content highlight: accused-of-theft-case-escaped-from-jail