Kerala

സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി | issue-in-trivandrum-cpm-mangalapuram

പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പലയിടത്തും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെയാണ് സിപിഎം മംഗലപുരം ഏരിയാ സമ്മേളനവും തര്‍ക്കത്തിൽ കലാശിച്ചത്

തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.

പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പലയിടത്തും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെയാണ് സിപിഎം മംഗലപുരം ഏരിയാ സമ്മേളനവും തര്‍ക്കത്തിൽ കലാശിച്ചത്. കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിന് ശേഷം മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മുല്ലശ്ശേരി മധുവായിരുന്നു സെക്രട്ടറി. മധു തന്നെ തുടരുന്നതിൽ ജില്ലാ നേതൃത്വത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അടക്കം ഒട്ടനവധി പരാതികളും മധുവിനെിരെ പാര്‍ട്ടിക്ക് മുന്നിലുണ്ട് . ഇതെല്ലാം കണക്കിലെടുത്ത് ജില്ലാ നേതൃത്വം മുന്നോട്ട നീങ്ങിയപ്പോൾ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് മുല്ലശ്ശേരി മധു പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്.

സാധാരണ പാര്‍ട്ടിക്കാര്‍ക്ക് സമീപിക്കാൻ കഴിയാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന് നേരത്തെ സമ്മേളന പ്രതിിധികൾ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിഷേധം മുന്നിൽകണ്ട് വളരെ ആസൂത്രിതമായിട്ടായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ നീക്കം. പുതിയ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നപ്പോഴാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം ജലീലിന്‍റെ പേര് ഉയര്‍ന്ന് വന്നതും തെഞ്ഞെടുപ്പ് നടപടികൾ പൂര്‍ത്തിയാക്കിയതും. അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ചാണ് മുല്ലശ്ശേരി മധു പാര്‍ട്ടി വിട്ടത്.

content highlight: issue-in-trivandrum-cpm-mangalapuram

Latest News