കണ്ണൂര്‍: വളപട്ടണം മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. അഷ്റഫിന്‍റെ അയൽവാസി ലിജീഷാണ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്യുന്നു. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. പ്രതിയുടെ കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവർന്നത്. ഒരാൾ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.