Kerala

നാല് ജില്ലകളിൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. മലയോര മേഖലകളിൽ കർശന ജാഗ്രതാ നിർദേശമുണ്ട്.

ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ വ്യാപകമായ തുടരുന്നത്. മഴ കനത്ത സാഹചര്യത്തിൽ വയനാട് ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് വിനോദ സഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തി. മലവെള്ളപ്പാച്ചിലിനും പ്രളയ സാഹചര്യവും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദേശമുണ്ട്. കേരള, കർണാടക, തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. എല്ലാ ജില്ലകളിലും താലൂക്ക് ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്.