തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. വിഭാഗീയതയുടെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ പാർട്ടി കോൺഗ്രസിനു ശേഷം കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സമ്മേളന കാലയളവിൽ നടപടിയെടുത്ത് വിഷയങ്ങൾ വഷളാക്കണ്ടെന്ന അഭിപ്രായം പാർട്ടി നേതൃത്വത്തിൽ ഉണ്ട്.
എന്നാൽ, അച്ചടക്ക നടപടിയിലേക്ക് ഇപ്പോൾ പാർട്ടി നേതൃത്വം കടക്കില്ല. നിലവിൽ ഏരിയ സമ്മേളനങ്ങൾ പൂർത്തീകരിച്ചശേഷം ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നടക്കട്ടെയെന്നും അതിനുംശേഷമാകാം നടപടി എന്നുമാണ് നേതൃത്വത്തിന്‍റെ തീരുമാനം. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തർക്കങ്ങൾ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ചെറുതായിട്ടല്ല കാണുന്നത്. പ്രാദേശിക വിഭാഗീയതയുടെ സ്വഭാവം അതിൽ ഉണ്ടെന്ന് പാർട്ടി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. സമ്മേളനങ്ങൾ നടത്താതിരിക്കാൻ കഴിയുന്ന തരത്തിലേക്ക് വിഭാഗീയത രൂക്ഷമായത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.