വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ഇടമാണ് റാണിപുരം ഹിൽ. കേരളത്തിൻ്റെ വടക്കേ അറ്റത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന പച്ചപ്പിൽ പൊതിഞ്ഞ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. ഇവിടെ നിന്ന് പശ്ചിമഘട്ടത്തിന്റെ നെറുകയിൽ നിൽക്കുന്ന മേഘങ്ങളെ കയ്യെത്തി തൊടാം. മലനാടിന്റെ ഹരിതഭംഗി ആവേളം കണ്ട് ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിൽ കാസർകോടാണ് റാണി പുരം ഹിൽ സ്ഥിതി ചെയ്യുന്നത്. പർവതങ്ങളുടെ നടുവിൽ നിൽക്കുന്നതുകൊണ്ട് തന്നെ അതിമനോഹരമായ ഭൂപ്രകൃതിയുമാണ്. മുമ്പ് മടത്തുമല എന്നറിയപ്പെട്ടിരുന്ന റാണിപുരം ഹിൽ കർണാടക അതിർത്തിയിലാണ്. കേരളത്തിന്റെയും കുടകിന്റെയും അതിർത്തി. അപ്പുറം തലക്കാവേരിയിലെ കാടുകളാണ്. കാസർകോട് നിന്ന് 65 കിലോമീറ്റർ ദൂരം ഉണ്ട് ഇവിടേക്ക്. ജനവാസം തീരെക്കുറവാണ്. തെക്കൻ ജില്ലകളിൽ നിന്നുള്ള കുടിയേറ്റത്തോടെയാണ് റാണിപുരത്തെക്കുറിച്ചു പുറംലോകം അറിഞ്ഞു തുടങ്ങുന്നത് തന്നെ. വടക്കിന്റെ വാഗമൺ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഊട്ടിയുടെ മനോഹാരിതയോടും അന്തരീക്ഷത്തോടും സാമ്യമുള്ള റാണിപുരത്തെ ‘കേരളത്തിന്റെ ഊട്ടി’ എന്നും വിളിക്കാറുണ്ട്. മുമ്പ് മുമ്പ് മാടത്തുമല എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
നിത്യഹരിത ഷോല വനങ്ങളും കാട്ടുപൂവുകളും വിശാലമായ പുൽമേടുകളും റാണിപുരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. വനവും കുന്നുകളും ഉൾപ്പെടുന്ന റാണിപുരം വന്യജീവി സങ്കേതം ഒരു ജൈവവൈവിധ്യ ഹോട്ട് സ്പോട്ടാണ്. നിരവധി വന്യജീവികളെ കാണാൻ കഴിയും. കർണാടകയിലെ കൂർഗ് മലനിരകളുമായും തലകാവേരി വന്യജീവി സങ്കേതമായും ഇത് ലയിച്ചാണ് നിൽക്കുന്നത്. റാണിപുരം ട്രെക്കിങ് ആരംഭിക്കുന്നിടത്തു തന്നെ ദൂരെ കുന്നിൻമുകളിലെ ലക്ഷ്യ സ്ഥാനം കാണാം. 30 രൂപയാണ് പ്രവേശനഫീസ്. ഒന്നര മണിക്കൂറെങ്കിലും സമയമെടുക്കും കുന്നു കയറാൻ. കുത്തനെ രണ്ടു കിലോമീറ്റർ മല കയറണം. ണിപുരം ട്രെക്കിങ്ങിന്റെ ആകെ ദൂരം അഞ്ച് കിലോമീറ്ററാണ്. ദൂരം കയറുന്നത് ഓർത്ത് മടങ്ങിയാൽ നിങ്ങൾക്ക് അത് വലിയ നഷ്ടമാകും. സഹ്യപർവതത്തിന്റെ മുകളറ്റം തൊടാൻ കിട്ടുന്ന അപൂർവ അവസരമാണു റാണിപുരം നൽകുന്നത്. ഇവിടെ എത്തുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനും ഡിടിപിസിയുടെയും സ്വകാര്യ സംരംഭകരുടെയും ഹോട്ടലുകളും മുറികളും ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത് വേണം എത്താൻ.