Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലേര്‍ട്ട് അഞ്ച് ജില്ലകളിൽ

അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) റെഡ് അലർട്ട് (അതിതീവ്ര മഴ) ആയി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. തമിഴ്നാടിനു മുകളിൽ ശക്തി കുറഞ്ഞ ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യുന മർദ്ദമായി ഇന്ന് രാത്രി / നാളെയോടെ അറബികടലിൽ പ്രവേശിനാണ് സാധ്യത. വടക്കൻ ജില്ലകളിൽ ഇതോടെ മഴ ശക്തമാകാനാണ് സാധ്യത. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലളിലും നിലവില്‍ റെഡ് അലേര്‍ട്ട് ആണ്. ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടാണ്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് പ്രഖ്യാപിച്ച മൽസ്യബന്ധന വിലക്ക് തുടരുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.