തിരുവനന്തപുരം മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. മധു മുല്ലശ്ശേരിയ്ക്കെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മധുവിന്റെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്ന പരാമർശം മധു മുല്ലശേരി തന്നെ പരസ്യമായി നടത്തിയിരുന്നു.
കോൺഗ്രസും, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളും തന്നെ സമീപിച്ചെന്നാണ് മധു മുല്ലശ്ശേരിയുടെ പ്രതികരണം. എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പ്രതികരിച്ചു. തൻ്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേർത്തു.