യുവത്വമുള്ള മുഖചർമ്മം സ്വന്തമാക്കാൻ ആവി പിടിക്കുന്നത് വളരെ മികച്ച രീതിയാണ്. ഇവ ചർമത്തിലെ നിർജ്ജീവ കോശങ്ങളും സെബവും നീക്കം ചെയ്ത് ചർമ്മത്തെ യുവത്വത്തോടെ നിലനിർത്താനും ശുദ്ധീകരിക്കാനും സഹായിക്കുന്നു. ആവി പിടിക്കുമ്പോൾ മുഖം വിയർക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മറ്റു പൊടിപടലങ്ങളുമെല്ലാം നീക്കം ചെയ്യാൻ കഴിയും. രാത്രി കിടക്കുന്നതിനു മുൻപായി ആവി പിടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഫേസ് മാസ്കോ ക്ലെൻസിങ് മിൽക്കോ ഉപയോഗിച്ചാൽ പോലും നീങ്ങാത്ത അഴുക്കുകൾ ആവിപിടിക്കുന്നതിലൂടെ ഇല്ലാതാകും. ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വർധിക്കുകയും ഇതുവഴി ഫേഷ്യൽ ടിഷ്യൂവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയൻസും കടക്കുകയും ചെയ്യും. ഇത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കും. മുഖത്തെ കറുത്ത പാടുകൾ നീങ്ങാനും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറാനും ഇത് സഹായിക്കും.
മുഖത്ത് ആവി പിടിക്കേണ്ട രീതി ഇങ്ങനെയാണ്. ഫേഷ്യൽ സ്റ്റീമറിൽ ആണ് ആവി പിടിക്കുന്നതെങ്കിൽ 43 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തമമായ ചൂട്. അല്ലെങ്കിൽ വലിയ വട്ടമില്ലാത്ത പാത്രത്തിൽ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാൻ ശ്രദ്ധിക്കണം. ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂർണമായും നീക്കിയെങ്കിൽ മാത്രമേ അഴുക്കുകളും പൂർണമായും നീങ്ങുകയുള്ളു. മുഖക്കുരു അകലാനാണ് ആവി പിടിക്കുന്നതെങ്കിൽ ഇതിനു ശേഷം മുപ്പതുമിനുട്ടു കഴിഞ്ഞാൽ എസ്ക്യെൂബ് മുഖത്തും പുരട്ടാം. ആവിപിടിക്കുമ്പോഴുള്ള ചൂടുവഴി മുഖക്കുരുവിലെ പസ് പുറത്തേക്കു വരികയും എസ്ക്യെൂബ് വയ്ക്കുന്നതുവഴി പുതിയ മുഖക്കുരുക്കൾ വരാതിരിക്കുകയും ചെയ്യും. ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തിൽ ഇടുന്നത് നല്ലതാണ്. ഒരാഴ്ച ഇടവിട്ട് മാത്രമേ മുഖത്ത് ആവി പിടിക്കാവൂ. അമിതമായാൽ ചർമം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചർമ്മത്തെ ദോഷകരമായി ബാധിക്കും. അഞ്ചു മുതൽ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം.