Kerala

സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നു, കെഎസ്ഇബിയിൽ നടക്കുന്നത് കെടുകാര്യസ്ഥത: വി ഡി സതീശൻ

വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്ഇബിയിൽ നടക്കുന്നത് കെടുകാര്യസ്ഥതയെന്നും സർക്കാർ എടുക്കുന്നത് എല്ലാം തല തിരിഞ്ഞ തീരുമാനങ്ങളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ആളുകളുടെ പേരുകൾ പുറത്തുവിടണം. അതിന് എന്തിനു സർക്കാർ മടിക്കുന്നു. അത്തരക്കാരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമമെന്നും വി ഡി സതീശൻ പറഞ്ഞു.

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി നല്ല ബന്ധമാണെന്നും മന്ത്രി ആയിരുന്നപ്പോൾ നീതിപൂർവം പ്രവർത്തിച്ചയാളാണ് ജി സുധാകരൻ എന്നും വി ഡി സതീശൻ പറഞ്ഞു. താനും സുധാകരനെ കണ്ടിട്ടുണ്ട്. ജി സുധാകരനെ കെ സി വേണുഗോപാൽ കണ്ടത് വ്യക്തിപരമാണെന്നും വി‍ ഡി സതീശൻ അഭിപ്രായപ്പെട്ടു. സിപിഐഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നു. സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരള കോൺ​ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ച‍ർച്ച നടന്നുവെന്ന് പറയുന്ന വാർത്തകൾ തെറ്റെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ഈ വിഷയം രാഷ്ട്രീയ സാഹചര്യം വരുമ്പോൾ ആലോചിക്കാമെന്നും ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കാണാൻ പോകുന്ന പൂരം നേരത്തെ പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. ആരുടെയും പുറകെ നടന്നു കോൺഗ്രസിലേക്കോ യു ഡി എഫിലേക്കോ കൊണ്ട് വരേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങൾ കെപിസിസി പ്രസിഡന്റ് പറയുമെന്നും വിഡി സതീശൻ പ്രതികരിച്ചു. പാർട്ടി നിലപാടുകളിൽ ആകൃഷ്ടരായി പലരും വരുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.