പാചകം വളരെ എളുപ്പത്തിൽ ആക്കുന്നതിനാൽ ഇന്ന് അടുക്കളകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഷർ കുക്കറുകൾ. ഏറ്റവും ഉപകാരപ്രദവും അതോടൊപ്പം തന്നെ ഏറ്റവും അപകടകാരിയുമായ ഒന്നാണ് പ്രഷർ കുക്കറുകൾ. അതിനാൽ തന്നെ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
1. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് വലിച്ചു തുറക്കാൻ ശ്രമിക്കരുത്. പെട്ടെന്ന് കുക്കർ തുറക്കേണ്ടി വന്നാൽ പച്ചവെള്ളത്തിൽ ഇറക്കി വയ്ക്കുകയോ ഒരു സ്പൂൺ അല്ലെങ്കിൽ തവിയോ ഉപയോഗിച്ച് കുക്കറിന്റെ വിസിൽ ഉയർത്തി ആവി മുഴുവനായും കളഞ്ഞതിനു ശേഷമോ തുറക്കുക. അല്ലെങ്കിൽ പച്ചവെള്ളം കുക്കറിന്റെ മൂടിയിലേക്ക് തുറന്നിടുകയോ ചെയ്ത ശേഷം മാത്രം തുറക്കുക.
2. കുക്കറിൽ മുഴുവനും നിറച്ച് ഭക്ഷണം പാകം ചെയ്യരുത് പകുതി വെയ്ക്കുന്നതാണ് നല്ലത്.
3. ആഹാരം വെന്തു കഴിഞ്ഞ് അധികനേരം വെയ്റ്റ് (വിസിൽ) കുക്കറിനു മുകളിൽ വയ്ക്കരുത്. ഇത് ഭക്ഷണത്തിന് രുചി വ്യത്യാസമുണ്ടാക്കും.
4. കുക്കറിന്റെ വിസിൽ വയ്ക്കുന്ന ദ്വാരത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ നിറഞ്ഞ് അടയാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പയർ, കടല, പരിപ്പ് മുതലായവ ഉണ്ടാക്കുമ്പോൾ. അതിനാൽ വേവുന്നതിന് ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണ പദാർഥത്തെപ്പറ്റിയും വേവാനായി ഒഴിക്കേണ്ട വെള്ളത്തിന്റെ അളവിനെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കണം. ചില ആഹാരപദാർഥങ്ങൾ വേവിക്കുമ്പോൾ പതഞ്ഞുപൊങ്ങാറുണ്ട്. ഇത് കുക്കറിലെ ആവി പോകാനുള്ള വാൽവ് വഴിയാണ് പുറത്തേക്ക് വരുന്നത്. അതിനാൽ ഓരോ തവണ പാകം ചെയ്ത ശേഷവും ഈ ദ്വാരം വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കണം . തുണി തെറുത്ത് ദ്വാരം വൃത്തിയാക്കുക, അല്ലെങ്കിൽ ശക്തിയിൽ ഊതുക.
5. പ്രഷർ കുക്കറിനകത്തെ വാഷർ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഓരോ തവണ ഭക്ഷണം പാകം ചെയ്തതിനുശേഷം ഈ വാഷർ പ്രത്യേകം ഊരി കഴുകാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇതിൽ ആഹാര പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ഒട്ടിപ്പിടിച്ചിരിക്കും.
6. കുക്കറിന്റെ അടപ്പോ വാഷറോ വിസിലോ മാറ്റുകയാണെങ്കിൽ കമ്പനിയുടെ അംഗീകൃത ഡീലർമാരിൽ നിന്ന് മാത്രം വാങ്ങുക. അളവും ആകൃതിയും പ്രഷർ കുക്കറിൻറെ കമ്പനികൾക്ക് അനുസരിച്ച് മാറ്റം വരും. ഒരു കുക്കറിന്റെ അളവിനൊത്ത വസ്തു അല്ലാതെ ഉപയോഗിച്ചാൽ അത് അപകടത്തിന് കാരണമായിരിക്കും.