തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കിയ വെബ് സീരീസ് ആയിരുന്നു ‘ക്വീന്‍’. വെബ് സീരീസിൽ തമിഴ് ജനതയുടെ നായകനായ എം.ജി.ആര് ആയി അഭിനയിച്ചത് മലയാളത്തിന്റെ സ്വന്തം ഇന്ദ്രജിത്ത് സുകുമാരനായിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്ന് പറയുകയാണ് ഇന്ദ്രജിത്ത്.
‘ഒരുപാട് പഴയ വിഷ്വൽസും പുസ്തകങ്ങളുമെല്ലാം ആ സമയത്ത് എം.ജി.ആർ സാറിനെ കുറിച്ച് ഞാൻ വായിച്ചിരുന്നു. അങ്ങനെയാണ് ആ സീരീസ് ഞാൻ ചെയ്യുന്നത്. എന്നോട് ഗൗതം പറഞ്ഞത്, പൂർണമായി അദ്ദേഹത്തെ പോലെ ആവാൻ ശ്രമിക്കരുത് ഇന്ദ്രജിത്തിന്റെ രീതിയിൽ ചെയ്യണം എന്നായിരുന്നു. മിമിക് ചെയ്യേണ്ട എന്നാണ് ഗൗതം പറഞ്ഞത്. അങ്ങനെ ഞാൻ എന്റെയൊരു രീതിയിലാണ് അതിന്റെ അപ്പ്രോച്ച് ചെയ്തത്.
എന്തുകൊണ്ടോ അത് നന്നായി വർക്കായി വന്നു. ഇരുവർ എന്ന ചിത്രം നേരത്തെ തന്നെ ഞാൻ കണ്ടിട്ടുണ്ട്. ഇരുവരിൽ ആണെങ്കിലും എം.ജി.ആറിനെ ലാലേട്ടൻ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിലാണ്. അത് തന്നെയായിരുന്നു ഗൗതമിനും ആവശ്യം. മിമിക് ചെയ്യാൻ പോയാൽ പെർഫോമൻസ് ചിലപ്പോൾ കയ്യിൽ നിന്നുപോകും അതുകൊണ്ട് ഇന്ദ്രജിത്തിന്റെ രീതിയിൽ എം.ജി.ആർ സാറിന്റെ കാര്യങ്ങൾ മനസിലാക്കി അവതരിപ്പിച്ചാൽ മതിയെന്ന് ഗൗതം പറഞ്ഞു. അതിന്റെ ഒരു ഭംഗി ആ കഥാപാത്രത്തിനുണ്ട്,’ഇന്ദ്രജിത്ത് പറയുന്നു.