കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ വെച്ച് നൽകും. കൃഷിനാശത്തിന് ഒരു ഹെക്ടറിന് 30,000 രൂപയും പശുവിനെ നഷ്ടപ്പെട്ടവർക്ക് 40,000 രൂപയും നൽകും. വീടുകളുടെ അറ്റകുറ്റപ്പണിക്ക് 20,000 രൂപ നൽകാനും തീരുമാനം. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിൽ പുതുച്ചേരിയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ വെള്ളംകയറി. വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടു പേർ മരിച്ചിരുന്നു. വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും എത്തി.
30 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയാണ് കഴിഞ്ഞ ഒരുദിവസം പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ 48.4 സെന്റീമീറ്റർ മഴ. മഴക്കെടുതിയിൽ 1000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.