കര്‍ണാടക മംഗലാപുരം ആശുപത്രിയില്‍ വെന്റ്റിലേറ്ററില്‍ പ്രവേശിപ്പിച്ച രോഗിയെ ‘ഗ്രീന്‍ കോറിഡോര്‍’ വഴി കേരളത്തില്‍ എത്തിച്ചു എക്‌മോ നടത്തി ചരിത്രം സൃഷ്ടിച്ചു കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. മേയ്ത്ര ഹോസ്പിറ്റലില്‍ നിന്ന് മംഗലാപുരത്ത് എത്തിയ വിദഗ്ധസംഘം കാനുലേഷന്‍ നടത്തി എക്‌മോ സൗകര്യമുള്ള ആംബുലന്‍സില്‍ രോഗിയെ കോഴിക്കോട് എത്തിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്. കേരളത്തില്‍ തന്നെ ആദ്യമായി നടന്ന ‘ഇന്റര്‍ സ്റ്റേറ്റ് ഗ്രീന്‍ കോറിഡോര്‍ എക്‌മോ റിട്രീവലാണ് ഇത്.
വൈറല്‍ ന്യുമോണിയ ബാധിച്ച യുവതിയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലാണ് മംഗലാപുരത്തെ ആശുപത്രിയില്‍ വെന്റ്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ എക്‌മോ നടത്തണം എന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കോഴിക്കോട് മേയ്ത്രയില്‍ അറിയിപ്പ് ലഭിക്കുകയായിരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുക്കുന്ന ഒരു ജീവന്‍ രക്ഷാ സാങ്കേതികതയാണ് എക്‌മോ. രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം പമ്പ് ചെയ്‌തെടുത്ത് എക്‌മോ യന്ത്രത്തിലൂടെ ഫില്‍ട്ടര്‍ ചെയ്ത ശേഷം ഓക്‌സിജന്‍ നല്‍കി തിരികെ ശരീരത്തിലേക്ക് എത്തിക്കുന്നു.
ദൗത്യം ഏറ്റെടുത്ത് മേയ്ത്രയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. മഹേഷ് ബി.എസിന്റെ നേതൃത്വത്തില്‍ ഡോ. ഷബീര്‍ അലി (ഇന്റന്‍സിവിസ്റ്റ്), അരുണ്‍ എ (സീനിയര്‍ പെര്‍ഫ്യൂഷനിസ്റ്റ്), ശ്യാം പ്രസാദ് കെപി (സീനിയര്‍ പെര്‍ഫ്യൂഷനിസ്റ്റ്), ആകാശ് റെജി (അസിസ്റ്റന്റ്-മാനേജര്‍), ലിനു സ്‌കറിയ (സിനിയര്‍ സ്റ്റാഫ് നഴ്‌സ്) എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘം സുസജ്ജമായി മംഗാലാപുരത്തേക്ക് പുറപ്പെട്ടു. മംഗലാപുരം ആശുപത്രിയില്‍ എത്തിയ സംഘം ഉടനെ തന്നെ രോഗിയില്‍ VV-ECMO-ല്‍ കാനൂലേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് രോഗിയെ ECMO, വെന്റിലേറ്റര്‍ സൌകര്യങ്ങളുള്ള മേയ്ത്രയുടെ ആംബുലന്‍സില്‍ റോഡ് മാര്‍ഗ്ഗം കോഴിക്കോടേക്ക് യാത്ര തിരിച്ചു.
അമിതഭാരമുള്ള രോഗിയെ, ആംബുലന്‍സിലേക്ക് മാറ്റുന്നതായിരുന്നു ആദ്യ പ്രതിസന്ധി. ഏകദേശം 6 മണിക്കൂര്‍ നീണ്ടുനിന്ന 220 കിലോമീറ്റര്‍ റോഡ് യാത്രയിലൂടെ ജീവന്‍രക്ഷാ യന്ത്രങ്ങളുടെ സഹായത്തില്‍ കഴിയുന്ന രോഗിയെ കോഴിക്കോട് എത്തിക്കുന്നതായിരുന്നു അടുത്ത വെല്ലുവിളി. ആംബുലന്‍സിലെ ഓക്‌സിജന്‍ വിതരണം മുറിയാതെ ഉറപ്പ് വരുത്തുന്നതും, റോഡിലെ ട്രാഫിക്കിനെ മറികടന്നു അതിവേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനുമുള്ള ധീരമായ തീരുമാനം മേയ്ത്ര സ്വീകരിച്ചു. കേരള പോലീസ് ഡിപാര്‍ട്ട്‌മെന്റ്റുമായി ബന്ധപ്പെട്ടു കേരള എമര്‍ജന്‍സി ടീമിന്റെ സഹായത്തോടെ ‘ ഗ്രീന്‍ കോറിഡോര്‍’ വഴി യുവതിയെ കോഴിക്കോട് എത്തിക്കാന്‍ തീരുമാനമായി. ആംബുലന്‍സിന്റെ വേഗത മണിക്കൂറില്‍ 60 കി.മീ ആയി നിലനിര്‍ത്തി, ആക്‌സിലറേഷന്‍ / ഡിസെലറേഷന്‍ പരമാവധി കുറച്ചു. വാഹനത്തിന്നുണ്ടാകാവുന്ന വേഗതയുടെ ഏറ്റക്കുറച്ചില്‍ പോലും രോഗിയുടെ ജീവന്‍ അപകടത്തിലാക്കുന്ന അവസ്ഥയായിരുന്നു. മേയ്ത്രയില്‍ എത്തിച്ച യുവതിയ്ക്ക് ഏറ്റവും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയും, അവര്‍ സാവധാനം അതിഗുരുതരാവസ്ഥ തരണം ചെയ്തു. 2 ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ആരോഗ്യനില തൃപ്തികരം എന്ന് ഉറപ്പാക്കിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി
”കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഉയര്‍ന്ന അപകടസാധ്യതയുള്ള എക്‌മോ നടക്കുന്നത്. മേയ്ത്രയുടെ അത്യാധുനിക മെഡിക്കല്‍ സൌകര്യം, ടീം വര്‍ക്ക്, മാനേജ്‌മെന്റിന്റെ നിര്‍ലോഭമായ പിന്തുണ എന്നിവയാണ് അത്ഭുതകരമായ ഈ നേട്ടത്തിനു കാരണമായത്’ മേയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍ പ്രതികരിച്ചു.
” ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള എമര്‍ജന്‍സി ടീം എന്നിവരുടെ നിസ്വാര്‍ഥ സഹകരണമാണ് വെല്ലുവിളികള്‍ നിറഞ്ഞ ഈ ഗ്രീന്‍ കോറിഡോര്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു സഹായിച്ച പ്രധാന ഘടകം” മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഓ നിഹാജ് മുഹമ്മദ് പറഞ്ഞു.