Thiruvananthapuram

കൊണ്ണിയൂർ ഗവ.എൽ.പി.എസിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു; നിർമാണോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു

അരുവിക്കര നിയോജക മണ്ഡലത്തിലുൾപ്പെടുന്ന കൊണ്ണിയൂർ ഗവൺമെന്റ് എൽ.പി.എസിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമിക്കുന്നു. പുതിയ സ്‌കൂൾ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപമാണ് സർക്കാർ നടത്തുന്നതെന്നും കൂട്ടായ പരിശ്രമത്തിലുള്ള സ്‌കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ആറ് മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള മൂന്ന് ഹൈടെക് ക്ലാസ് മുറികളും ഒരു സ്റ്റെയർ മുറിയുമാണ് കെട്ടിടത്തിനുള്ളത്. ഭൂകമ്പ പ്രതിരോധ സംവിധാനത്തിൽ ഫ്രെയിം ഘടനയിലാണ് കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ മൂന്ന് നിലകൾ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫൗണ്ടേഷനുള്ളത്.

ക്ലാസ് മുറികളിലും വരാന്തയിലും ടൈൽ പാകും. അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്, ഹാൻഡ് റെയിൽ എന്നിവയും നിർമിക്കും. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ചുമരുകളിൽ ചിത്രങ്ങളും വരയ്ക്കും. എട്ട് മാസമാണ് നിർമാണ കാലയളവ്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം വി.രാധിക ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, കാട്ടാക്കട എ.ഇ.ഒ ബീനാകുമാരി, പ്രധാനാധ്യാപിക ഡി.കെ സുജ, പി.ടി.എ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

CONTENT HIGHLIGHTS; New building for Konniyur Govt LPS becomes a reality; The construction was inaugurated by G. Stephen MLA

Latest News