Food

പത്തു മിനിറ്റിൽ പൂ പോലെ പാലപ്പം ചുട്ടെടുക്കാം

തലേദിവസം മാവ് അരച്ച് പുളിപ്പിച്ചെടുത്താണ് സാധാരണ പാലപ്പം തയ്യാറാക്കാറുള്ളത്. എന്നാൽ അപ്പം കഴിക്കാൻ കൊതി തോന്നുമ്പോൾ മാവ് അരച്ച് പിറ്റേന്ന് കഴിക്കാൻ പറ്റില്ലല്ലോ. അപ്പോൾ വിഷമിക്കേണ്ട. അൽപം ഗോതമ്പ് പൊടിയുണ്ടെങ്കിൽ പൂപോലെ സോഫ്റ്റായ പാലപ്പം മിനിറ്റുകൾക്കുള്ളിൽ ചുട്ടെടുക്കാം.

ആവശ്യമായ ചേരുവകൾ

ഗോതമ്പുപൊടി – രണ്ട് കപ്പ്
തേങ്ങ – ഒരു കപ്പ്
ചോറ് – കാൽ കപ്പ്
വെള്ളം – രണ്ട് കപ്പ്
ഇൻസ്റ്റൻ്റ് യീസ്റ്റ് – ഒന്നര ടീസ്പൂൺ
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
എണ്ണ – ഒരു ടേബിൾസ്പൂൺ
ചൂട് വെള്ളം – കാൽ കപ്പ്

തയ്യാറാക്കുന്ന രീതി

ഗോതമ്പ് പൊടിയിലേയ്ക്ക് ചോറ്, തേങ്ങ ചിരകിയത്, ഇൻസ്റ്റൻ്റ് യീസ്റ്റ് എന്നിവയും വെള്ളവും ചേർത്ത് പേസ്റ്റ് പോലെ നന്നായി അരച്ചെടുക്കാം. പഞ്ചസാരയിലേക്ക് എണ്ണ ചേർത്ത് ഇളക്കി നന്നായി യോജിപ്പിച്ച് ഇതും ഈ കൂട്ടിലേക്ക് ചേർക്കാം. അരച്ച മാവിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചൂടുവെള്ളം കൂടി ചേർത്ത് മാവ് ഒരു 15 മിനിറ്റ് നേരം അടച്ചു വയ്ക്കാം. ഇത്ര സമയത്തിനുള്ളിൽ തന്നെ മാവ് പുളിച്ചു പൊങ്ങി വന്നിരിക്കും. ഇത് ചൂടായ അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് പൂ പോലെ പാലപ്പം ചുട്ടെടുക്കാം.