മധുരം ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള വസ്തുക്കള്‍
- കടലമാവ് – 1 കപ്പ്
- ബേക്കിംഗ് സോഡ- ഒരു നുള്ള്
- ഉപ്പ് – ഒരു നുള്ള്
- മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
- പഞ്ചസാര- ഒന്നരക്കപ്പ്
- നെയ്യ്- മൂന്ന് ടീ സ്പൂണ്‍
- കശുവണ്ടി – 10 എണ്ണം
- ഉണക്കമുന്തിരി- 10 എണ്ണം
- ഏലക്കായ- 3 എണ്ണം
- വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടലമാവ് അല്‍പം വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ബേക്കിംഗ് സോഡയും ഇട്ട് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. ദോശമാവിന്റെ പരുവത്തിലാണ് ഇത് മിക്‌സ് ചെയ്ത് എടുക്കേണ്ടത്. അതിന് ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഒരു ഓട്ടയുള്ള പാത്രത്തിലോ അല്ലെങ്കില്‍ തവിയിലോ ചെറുതായി ചെറുതായി ചൂടുള്ള എണ്ണയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് എണ്ണയില്‍ കിടന്ന് ചെറിയ ബ്രൗണ്‍ നിറമാവുമ്പോള്‍ കോരി മാറ്റി വെക്കുക. ഇതിന് ബൂന്തി എന്നാണ് പറയുന്നത്.
കോരി മാറ്റി വെച്ച ബൂന്തി ഒരു മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. പൊടിഞ്ഞ് വരുന്ന പരുവമാവേണ്ടതാണ്. ഇതേ സമയം മറ്റൊരു സ്റ്റൗവ്വില്‍ പഞ്ചസാര പാനി തയ്യാറാക്കേണ്ടതാണ്. അതിനായ് നമ്മള്‍ എടുത്ത് വെച്ചിരിക്കുന്ന പഞ്ചസാരയില്‍ ഒരു കപ്പ് വെള്ളം ഒഴിപ്പിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നൂല്‍പ്പരുവത്തോടടുത്ത് ആവുമ്പോള്‍ ഇതിലേക്ക് പൊടിച്ച ഏലക്ക ചേര്‍ക്കണം. ഇത് നല്ലതുപോലെ ഇളക്കി പൊടിച്ച് വെച്ചിരിക്കുന്ന ബൂന്തിയിലേക്ക് പഞ്ചസാര പാനി ചേര്‍ക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് നെയ്യും അണ്ടിപ്പരിപ്പും ചേര്‍ക്കണം. എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് വെക്കുക. ഇളം ചൂട് ആയി എന്നു കണ്ടാല്‍ ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാവുന്നതാണ്. തയ്യാറാക്കിയ അന്ന് തന്നെ കഴിക്കാന്‍ ശ്രമിക്കരുത്. അടുത്ത ദിവസം കഴിച്ചാല്‍ നല്ല സ്വാദുള്ള കടയില്‍ നിന്ന് വാങ്ങിക്കുന്ന അതേ രുചിയില്‍ ഉള്ള ലഡൂ കഴിക്കാം.
content highlight: how-to-make-easy-ladoo-in-20-minutes